ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; അഡ്‌മിനിസ്ട്രേറ്ററുടെ അപേക്ഷ തള്ളി നിക്ഷേപക കൂട്ടായ്മ

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; നിക്ഷേപകരുടെ സഹായം തേടി കൊണ്ടുള്ള അഡ്മിനിസ്‌ട്രേറ്ററുടെ അഭ്യർഥന തള്ളി നിക്ഷേപക കൂട്ടായ്മ; വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനം

ഇരിങ്ങാലക്കുട : പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിൻ്റെ അതിജീവനത്തിനായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മുന്നോട്ട് വച്ച സഹായാഭ്യർഥന തള്ളി ബാങ്കിൻ്റെ നിക്ഷേപക കൂട്ടായ്മ. അയ്യങ്കാവ് എൻഎസ്എസ് ഹാളിൽ ചേർന്ന നിക്ഷേപകകൂട്ടായ്മയുടെ യോഗമാണ് ബാങ്കിൻ്റെ മൂലധനം വർധിപ്പിക്കാൻ നിക്ഷേപങ്ങളുടെ ശതമാനം ഓഹരികളാക്കി മാറ്റി സഹകരിക്കണമെന്ന അഭ്യർഥനയോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങളോട് ആർബിഐ നിയമിച്ചിട്ടുള്ള ഭരണസമിതി പ്രതികരിച്ചിട്ടില്ലെന്ന് നിക്ഷേപകൂട്ടായ്മ വ്യകത്മാക്കി.

ബാങ്ക് ജീവനക്കാരുടെ ശമ്പളം , ഫൊറൻസിക് ഓഡിറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനും ഇഡി അന്വേഷണം വരുന്നത് വരെ സമരപരിപാടികൾ ശക്തമായി തുടരാനും കേന്ദ്രമന്ത്രി കൂടിയായ എം പി യുടെ സഹായം തേടാനും യോഗം തീരുമാനിച്ചു. എഴുപത് വയസ്സ് പിന്നിട്ട നിക്ഷേപകർക്ക് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. നിക്ഷേപകരുടെ വിഷയങ്ങളിൽ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കൃത്യമായി ഇടപെടുന്നില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.

യോഗത്തിൽ കൂട്ടായ്മയുടെ അഡ്വൈസർമാരായ സി കെ ജോസ്, അഡ്വ ആൻ്റണി തെക്കേക്കര, കൂട്ടായ്മയുടെ സെക്രട്ടറി ലിയോ പി ആൻ്റോ, ട്രഷറർ ടി സി സഞ്ജീവൻ, എക്സിക്യൂട്ടിവ് മെമ്പർമാരായ ടോയ് വാറുണ്ണി, സനോജ് മോഹൻ, സി യു ലത തുടങ്ങിയവർ സംസാരിച്ചു

Please follow and like us: