ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; കോണത്തുകുന്ന് സ്വദേശിയിൽ നിന്നും നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പ് പണം കൈമാറിയ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85-കാരനിൽ നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ തട്ടിപ്പ് സംഘത്തിലെ അംഗമായ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ല, പയ്യാവൂർ കോയിപ്ര സ്വദേശി മുത്തുപ്ലാക്കൽ വീട്ടിൽ സുബിൻ അഗസ്റ്റിനെ (38) ആണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് പണത്തിൽ ഉൾപ്പെട്ട 30 ലക്ഷം രൂപ 2025 ഡിസംബർ 15-ന് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുകയും, അതേ ദിവസം തന്നെ പ്രസ്തുത തുക പ്രധാന പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് മുഖേന കൈമാറുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കമ്മീഷൻ വ്യവസ്ഥയിലാണ് സുബിൻ അഗസ്റ്റിൻ തട്ടിപ്പ് സംഘത്തിന് പണം കൈമാറിയിരുന്നത്.ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. അശ്വത്.എസ്.കാരാൺമയിൽ, സൈബർ പോലീസ് സ്റ്റേഷൻ എസ്. ഐ കെ.വി. ജസ്റ്റിൻ, ഡ്രൈവർ എ എസ് ഐ ഷൈജു.വി.പി, സി.പി.ഒമാരായ ടി.പി. ശ്രീനാഥ്, ശബരിനാഥ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















