സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ആസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങളിൽ പ്രതിഷേധവുമായി പ്രതിപക്ഷം; കോൺഗ്രസ് നേതാവായ തന്നെ സംരക്ഷിക്കാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും ജാഥയായി വന്നിട്ടല്ല നിവേദനം നൽകുകയെന്നും നഗരസഭ ചെയർമാൻ
ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ആസ്ഥാനത്തിൽ അരങ്ങേറിയ സംഭവങ്ങളിൽ പ്രതിഷേധവുമായി പ്രതിപക്ഷം . നഗരസഭ അധികൃതർക്ക് നിവേദനം നൽകാൻ എത്തിയ ടൗൺ ബാങ്ക് നിക്ഷേപകരെ വെല്ലുവിളിക്കുന്ന സമീപനമാണ് പടിയൂരിൽ നിന്നും ചാലക്കുടിയിൽ നിന്നുമൊക്കെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ നഗരസഭ ഓഫീസിൽ എത്തിയ ചിലർ സ്വീകരിച്ചതെന്നും മാധ്യമ പ്രവർത്തകരെ തള്ളിയതും അക്രമിച്ചതും ശരിയായ നടപടിയല്ലെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ പറഞ്ഞു. നിക്ഷേപകരെ പരിഹസിക്കാനും മര്യാദയ്ക്ക് അല്ലെങ്കിൽ പത്ത് പൈസ നൽകില്ലെന്ന് പറയാനും ചില കൗൺസിലർമാർക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ആരാണ് അധികാരം കൊടുത്തതെന്ന് സിപിഐ അംഗം കെ എസ് പ്രസാദ് ചോദിച്ചു. ജനാധിപത്യ ശൈലിയിൽ എത്തിയ നിക്ഷേപകരെ കായികമായി നേരിടുന്ന ശൈലി ശരിയല്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷെൽബിൻ പെരേരയെ കൊണ്ട് വന്നത് ആരാണെന്നും വിഷയം വഷളാക്കുകയാണ് യുഡിഎഫ് ചെയ്തതെന്നും തെമ്മാടികളെ ഗുണ്ടാപ്പണിക്ക് കൊണ്ട് വരുന്ന എർപ്പാട് നിറുത്തണമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടൻ ആവശ്യപ്പെട്ടു. കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കോൺഗ്രസ്സ് നേതാവുമായ തന്നെ അവഹേളിക്കാൻ ശ്രമിച്ചാൽ പാർട്ടി സംരക്ഷണം തരുമെന്നും പാർട്ടി പ്രവർത്തകർ പ്രകോപിതരാകുമെന്നും ടൗൺ ബാങ്ക് നിക്ഷേപകർക്ക് നഗരസഭയിൽ വരേണ്ട കാര്യമില്ലെന്നും ജാഥയായി വന്നിട്ടാണോ നിവേദനം നൽകുന്നതെന്നും ടൗൺ ബാങ്കിൽ കഴിഞ്ഞ ഒൻപത് മാസങ്ങളായി നടക്കുന്ന ഫൊറൻസിക് ഓഡിറ്റ് കൊണ്ട് എന്തെങ്കിലും കണ്ട് പിടിക്കാൻ പറ്റിയോയെന്നും കുടിൽ പോലെ ഉണ്ടായിരുന്ന ബാങ്കിനെ ഇത്രയും വളർത്തിയത് താനാണെന്നും ആർബിഐ യുടെ അജണ്ടയാണ് വിഷയങ്ങൾക്ക് കാരണമായതെന്നും മാധ്യമങ്ങളെ സ്വാധീനക്കാൻ താൻ ശ്രമിക്കാറില്ലെന്നും ചെയർമാൻ വിശദീകരിച്ചു
നഗരസഭ ചെയർമാൻ്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇന്നോവ ക്രിസ്റ്റ കാർ വാങ്ങിക്കാനും ഇതിനായി തനത് ഫണ്ടിൽ നിന്നു 24 ലക്ഷം രൂപ ചിലവഴിക്കാനും സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു.
യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.















