എകചാരി കടന്നൽ ഇനമായ എപ്സിലോൺ മാനസിക്കത്തെ കണ്ടെത്തി

ഏകചാരി കടന്നൽ ഇനമായ ‘എപ്സിലോൺ മാനസിക്കം’ ദക്ഷിണേന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തി‎

 

‎ഇരിങ്ങാലക്കുട: കേരളത്തിന്റെ ജൈവവൈവിധ്യത്തിന് മുതൽക്കൂട്ടായി ഒരു ഏകചാരി കടന്നൽ ഇനത്തെ കൂടി ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണശാലയിലെ ഗവേഷകർ കണ്ടെത്തി. ഗ്രീസിലെ ഹല്ലെനിക് എൻറമോളജിക്കൽ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘എൻറമോളജിയ ഹെല്ലെനിക്ക’യുടെ ഈ മാസം പ്രസിദ്ധീകരിച്ച ലക്കത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നുതന്നെ ഈ ഏകചാരി കടന്നൽ ഇനത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.‎ വെസ്പിഡേ കുടുംബത്തിലെ കടന്നലുകളെപ്പറ്റി തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ഗവേഷണപഠനത്തിലാണ് ഇവയെ കണ്ടെത്തിയത്.

തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട്, ഹാമേലിയ പാറ്റെൻസ് (വിടരാപ്പൂവ്) എന്ന സസ്യത്തിന്റെ പൂക്കൾ സന്ദർശിച്ചുകൊണ്ടിരുന്ന പെൺകടന്നലിനെ അടിസ്ഥാനമാക്കിയാണ് ‘എപ്സിലോൺ മാനസിക്കം’ എന്ന ഏകചാരി കടന്നൽ ഇനത്തെ കേരളത്തിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും ആദ്യമായി ശാസ്ത്രീയമായി രേഖപ്പെടുത്തിയത്.

‎ഗവേഷകസംഘത്തിൽ ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻറമോളജി ഗവേഷണശാലയിലെ ഡോക്ടറൽ ഗവേഷകനായ വിഷ്ണു എ. വി., എം.എസ്.സി. വിദ്യാർഥിനിയായ ഹന്ന എം. കെ., കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ഗിരീഷ് കുമാർ പി., ഗവേഷണശാലയുടെ ഡയറക്ടറും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ബിജോയ് സി., കെ. കെ. ടി. എം. ഗവൺമെന്റ് കോളേജ്, പുലൂറ്റി ലെ സുവോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഷാജി ഇ. എം. എന്നിവർ ഉൾപ്പെടുന്നു. കേരള സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെയാണ് പ്രസ്തുത പഠനം നടത്തിയത്.

Please follow and like us: