ആളൂരിലെ വാഹനാപകടം; വിദ്യാർഥിയുടെ ചികിൽസാചിലവുകൾ സർക്കാർ വഹിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം

ആളൂരിലെ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ സാമ്പത്തിക ചിലവുകൾ സർക്കാർ എറ്റെടുക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി യോഗത്തിൽ വീണ്ടും വിമർശനം

ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ വിദ്യാർഥിയുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ചികിൽസാ ചിലവുകൾക്കായും സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.

നഗരസഭ പരിധിയിൽ തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ യോഗത്തിൽ വീണ്ടും വിമർശനം ഉയർന്നു . നാലമ്പല ദർശനം ആരംഭിക്കുന്നതിന് മുമ്പ് ക്ഷേത്രപരിസരത്തെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് കേന്ദ്രമന്ത്രിയുടെ പ്രതിനിധി ക്യപേഷ് ചെമ്മണ്ട അവശ്യപ്പെട്ടു. പട്ടണത്തിൻ്റെ ഹൃദയഭാഗത്തുള്ള റോഡുകൾ വരെ തകർന്ന് കിടക്കുകയാണെന്ന് സിപിഐ പ്രതിനിധിയും നഗരസഭ കൗൺസിലറുമായ കെ എസ് പ്രസാദ് ചൂണ്ടിക്കാട്ടി. ടെണ്ടറുകൾ എറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രവൃത്തികൾ എറ്റെടുപ്പിക്കാൻ നിരന്തരമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ബ്ലോക്ക് പ്രസിഡണ്ട് ടി ജി ശങ്കര നാരായണൻ ആവശ്യപ്പെട്ടു.

കാറളം പഞ്ചായത്ത് നാലാം വാർഡ് ചെമ്മണ്ട കോളനിയിലെ അപകടാവസ്ഥയിലായ കിണർ വൃത്തിയാക്കിയും അറ്റകുറ്റപ്പണികൾ നടത്തിയും സംരക്ഷിക്കണമെന്നതാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശിവൻകുട്ടി അറിയിച്ചു. കാറളം പഞ്ചായത്തിലെ പൂർത്തികരിക്കാതെ കിടക്കുന്ന ഫ്ലാറ്റ് സമുച്ചയ നിർമ്മാണം വീണ്ടും ചർച്ചയിൽ ഉയർന്നു. പോട്ട മൂന്നുപീടിക റോഡിൽ വല്ലക്കുന്ന് ഭാഗത്ത് റോഡിൻ്റെ ഇരുവശവും കാട് പിടിച്ച് കിടക്കുന്ന അവസ്ഥയാണെന്ന് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോസിലി പൗലോസ് പറഞ്ഞു. എടതിരിഞ്ഞിയിൽ അപകടാവസ്ഥയിലായ വാട്ടർ ടാങ്ക് പൊളിച്ച് നീക്കി കൂടുതൽ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിക്കണമെന്ന് പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി കണ്ണനും ആവശ്യപ്പെട്ടു.

യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു .

Please follow and like us: