വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ ആരംഭിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മൂർക്കനാട് ജനകീയ കൂട്ടായ്മ

ഇരിങ്ങാലക്കുട നഗരസഭയുടെ വാർഡ് ഒന്നിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മൂർക്കനാട് ജനകീയ കൂട്ടായ്മ; വെള്ളം കയറാത്ത പ്രദേശമെന്ന് നഗരസഭ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും വിമർശനം

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് ഒന്നിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മൂർക്കനാട് ജനകീയ കൂട്ടായ്മ. നഗരസഭയിലെ തന്നെ താഴ്ന്ന പ്രദേശമായ കരുവന്നൂർ പുഴയുടെ തീരത്ത് എല്ലാ വർഷങ്ങളിലും രണ്ടോ മൂന്നോ തവണ വെള്ളപ്പൊക്കം ഉണ്ടാകുന്ന തൊട്ടപ്പുളളി ബേബിയുടെ സ്ഥലം ഡോഗ് ഷെൽട്ടർ സ്ഥാപിക്കാൻ അനുയോജ്യമല്ലെന്ന് മുൻ കൗൺസിലർ നസ്സീമ കുഞ്ഞുമോൻ, ജനകീയ കൂട്ടായ്മ കൺവീനർ റെനിൽ പൊയ്യാറ എന്നിവർ ചൂണ്ടിക്കാട്ടി.ഓരോ മഴക്കാലത്തും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്ന കുടുബങ്ങളാണ് ഇവിടെ ഉള്ളത്. കരുവന്നൂർ പുഴയിൽ നിന്നുമുള്ള വെള്ള ത്തെ ആശ്രയിച്ച് ഗുരുവായൂർ, ചാവക്കാട് അടക്കമുള്ള നഗരസഭകളിലേക്കുള്ള കുടിവെള്ള പദ്ധതികൾ ഉണ്ട്. പുഴയിൽ നിന്നും 200 മീറ്റർ ദൂരത്തിൽ മാത്രമാണ് പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്നത്. നഗരസഭ ചട്ടങ്ങൾ ലംഘിച്ചാണ് തണ്ണീർത്തടമായ സ്ഥലത്ത് നിർമ്മാണ പ്രവർത്തനം നടത്താൻ ഒരുങ്ങുന്നത്. 2018 ന് ശേഷം ഇവിടെ വെള്ളം കയറിയിട്ടില്ലെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇത്തരമൊരു പദ്ധതി സ്ഥാപിക്കുന്ന കാര്യം വാർഡ് നിവാസികളെ അറിയിച്ചിട്ടില്ല. പദ്ധതി നടപ്പിലാക്കാൻ ജനവാസമേഖലകളിൽ നിന്നും അകലെയുള്ളതും ഉയർന്നതുമായ സ്ഥലങ്ങൾ നഗരസഭ കണ്ടെത്തണം. ബഷീർ മാളിയേക്കൽ, അബ്ദുൽ കബീർ, മോഹൻലാൽ പൊയ്യാറ , സുദീപ സന്ദീപ് , ഗോപാലകൃഷ്‌ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: