ഇന്നസെൻ്റ് സ്മാരക അഖിലകേരള അമേച്വർ നാടക മൽസരം ഇരിങ്ങാലക്കുടയിൽ മെയ് 13 മുതൽ
ഇരിങ്ങാലക്കുട : പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മൽസരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മെയ് 13 മുതൽ 18 വരെയുള്ള ദിവസങ്ങളിലായി വൈകീട്ട് 6 നും 8 നുമായി പത്ത് നാടകങ്ങളാണ് അവതരിപ്പിക്കുകയെന്ന് സംഘാടക സമിതി ചെയർമാൻ വി എ മനോജ്കുമാർ, കൺവീനർ ഡോ കെ രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മികച്ച ഒന്നും രണ്ടും മൂന്നും നാടകങ്ങൾക്ക് യഥാക്രമം 50000, 30000, 20000 രൂപയും ട്രോഫിയും നൽകും. മികച്ച സംവിധായകൻ, നാടക രചയിതാവ്, നടൻ, നടി എന്നിവർക്കും അവാർഡുകൾ നൽകും. സംഘാടക സമിതി കൺവീനർമാരായ ഉദിമാനം അയ്യപ്പക്കുട്ടി, സോണി ജോൺ, പി മണികണ്ഠൻ, എ എൻ രാജൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















