ശ്രീകൂടൽമാണിക്യം തിരുവുൽസവം; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗം സംരക്ഷണ വകുപ്പും

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും …

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും . ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ ഹാരീസിൻ്റെയും സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫീസർ ചാലക്കുടി ലിബിൻ ജോണിൻ്റെയും നേതൃത്വത്തിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് കൊട്ടിലാക്കൽ പറമ്പിൽ ആനകളുടെ പരിശോധന ആരംഭിച്ചത്. ആനകളുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ചിപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുന്നളളിപ്പ് വിവരങ്ങൾ, മദകാലം, ഉടമസ്ഥത സർട്ടിഫിക്കറ്റ് , ആനകളുടെ ലക്ഷണങ്ങൾ, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങൾ, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്നെസ്സ് നൽകുന്നത്.പാപ്പാൻമാരുടെ വിവരങ്ങളും ആനകളുമായുള്ള സമ്പർക്കവും വിലയിരുത്തും. ആദ്യ ദിനത്തിൽ കൂടൽമാണിക്യം മേഘാർജ്ജുനൻ ഉൾപ്പെടെ 27 ആനകളെയാണ് പരിശോധിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് ആദ്യദിനത്തിലെ പരിശോധനകൾ അവസാനിച്ചത്. തൃശ്ശൂർ പൂരം ചടങ്ങുകളിൽ പങ്കെടുത്ത എട്ട് ആനകളും കൂട്ടത്തിലുണ്ടായിരുന്നു.ഓരോ ശീവേലിക്കും വിളക്കിനും മുമ്പേ ആനകളെ പരിശോധിക്കും. പരിശോധനകൾക്ക് ശേഷം നൽകുന്ന ഹെൽത്ത് കാർഡ് 72 മണിക്കൂർ നേരത്തേക്കാണ്. രണ്ട് ഡോക്ടർമാർ , രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഒരു അറ്റൻഡർ എന്നിവർ ഉൾപ്പെടുന്ന അഞ്ച് അംഗ സംഘത്തിൻ്റെ സേവനം ഉൽസവ ദിവസങ്ങളിൽ ഉണ്ടാകും. ഇത് കൂടാതെ എലിഫെൻ്റ് സ്ക്വാഡിൻ്റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചു. ജനക്കൂട്ടവുമായുള്ള അകലം പാലിച്ച് നാട്ടാന പരിപാലന ചട്ട പ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് എഴുന്നള്ളിപ്പ് നടത്താൻ സംഘം നിർദ്ദേശിച്ചു. കടുത്ത ചൂട് കണക്കിലെടുത്ത് ആനകൾക്ക് മതിയായ കുടിവെള്ളം, തണ്ണിമത്തൻ, വെള്ളരിക്ക, എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണം നൽകാനും തറ നനച്ച് ചൂട് കുറയ്ക്കാനും സംഘം നിർദ്ദേശം നൽകി. ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഐസക്ക് സാം, ഡെപ്യൂട്ടി ഡയറക്ടർ ഡോ ഡീന ആൻ്റണി, ഡോ കെ വി ഷിബു, ഡോ മഞ്ജു പി എം , ഡോ അഷ്‌റഫ് അബ്‌ദുൾ റഹിമാൻ, ഡോ അനിഷ് രാജ്, ഡോ കെ വിവേക് , ഡോ ഗിരീഷ് എന്നിവരും 58 അംഗ സംഘ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Please follow and like us: