നിയമവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ കോടികളുടെ സാമ്പത്തിക നഷ്ടങ്ങൾ ഭരണ സമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്.
ഇരിങ്ങാലക്കുട : നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് നേരിട്ട നഷ്‌ടം ബാങ്ക് ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. 2014 – 19 കാലയളവിൽ പ്രവർത്തിച്ച ഭരണസമിതി അംഗങ്ങളായ എം പി ജാക്സൻ , പി ജെ തോമസ് , എൽ ഡി ആൻ്റോ, ജസ്റ്റിൻ ജോൺ, ടി ഐ ജോസഫ് , പി പി തോമസ്, ഫിലോ മാത്യു , ബേബി ജോസ്, സുജ സഞ്ജീവ് കുമാർ, ടി വി ഹരിദാസ് എന്നിവരിൽ നിന്നും 2029640 രൂപ വീതം ഈടാക്കാനാണ് സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ ഉള്ളത് . ഐടിസി എന്ന പേര് ഉപയോഗിച്ചതിന് കൽക്കത്ത കോടതിയിൽ കേസിനായി ജനറൽ ഫണ്ട് ഉപയോഗിച്ചത് മൂലവും പുതിയതായി ആരംഭിച്ച അഞ്ച് ശാഖകളിലേക്ക് സഹകരണ വകുപ്പിൻ്റെ അനുമതി ഇല്ലാതെ തുകകൾ ചിലവഴിച്ചത് മൂലവും ഉണ്ടായ നഷ്ടമാണ് ഭരണസമിതി അംഗങ്ങളുടെ പേരിൽ ചുമത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉള്ളവർ എപ്രിൽ 24 ന് ഓഫീസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും അല്ലാത്ത പക്ഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കിലെ വാഹനങ്ങളുടെ ഉപയോഗം , നിയമനങ്ങൾ, അനുമതി കൂടാതെ ഐടിസി എന്ന ചുരുക്ക പേര് ഉപയോഗിച്ചത് തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് മാസങ്ങളായി ടൗൺ സഹകരണ ബാങ്ക് ആർബിഐ യുടെ കർശനമായ നിയന്ത്രണങ്ങളോടെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്.















