ക്ഷേത്ര പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതിയെ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഭരണ സമിതിയെ സംസ്ഥാന സർക്കാർ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി. ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ പ്രവർത്തിക്കുമെന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ ആചാരങ്ങൾക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര ചടങ്ങുകളിൽ നിന്നും തന്ത്രിമാരെ മാറ്റാനും തന്ത്രിമാർ ജാതിവിവേചനം കാണിക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്താനുമാണ് ദേവസ്വം ശ്രമിക്കുന്നതെന്ന് സമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് സി ജി കൃഷ്ണകുമാർ, സെക്രട്ടറി പി എസ് ജയശങ്കർ എന്നിവർ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഒരു തന്ത്രി കുടുംബത്തിന് മാത്രമായി അവകാശങ്ങൾ നൽകുന്നത് നിയമപരമായി നിലനിൽക്കില്ല.കലശാഭിഷേകം മുഹൂർത്തം നോക്കി ചെയ്യേണ്ട വിഷയമല്ല. കലശാഭിഷേക സമയം , മാതൃക്കൽ ദർശന സമയം എന്നിവയെക്കുറിച്ച് വ്യക്തത വരുത്തി ഉടൻ ഭക്തരെ അറിയിക്കണമെന്നും വാസ്‌തു വിധികൾക്ക് വിരുദ്ധമായി തെക്കേ ഗോപുരത്തിൽ നടത്തിയ മാറ്റങ്ങൾ പൂർവ്വ സ്ഥിതിയിൽ ആക്കണമെന്നും ക്ഷേത്രമതിൽക്കകത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതിനായി നിർമ്മിച്ച കെട്ടിടം പൊളിച്ച് നീക്കണമെന്നും ഭഗവാൻ്റെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ദീപാലങ്കാരങ്ങളിൽ മാറ്റം വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതി ട്രഷറർ ഹരി വാരിയർ, കമ്മിറ്റി അംഗങ്ങളായ വി പി രാധാകൃഷ്ണൻ, കാവനാട് കൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണപൊതുവാൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.















