നിയമസഭ തിരഞ്ഞെടുപ്പ്; ശുഭപ്രതീക്ഷയിൽ മുന്നണി സ്ഥാനാർഥികൾ

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുടയിൽ ശുഭപ്രതീക്ഷയിൽ മുന്നണി സ്ഥാനാർഥികൾ; തുടരുമെന്ന് ഡോ ആർ ബിന്ദു ; നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കുമെന്ന് തോമസ് ഉണ്ണിയാടൻ; താമര വിരിയുമെന്ന് സന്തോഷ് ചെറാക്കുളം

 

ഇരിങ്ങാലക്കുട : വിജയ പ്രതീക്ഷയുമായി മുന്നണി സ്ഥാനാർഥികൾ. കേരളത്തിൽ എൽഡിഎഫ് ഭരണം തുടരുമെന്നും ഇരിങ്ങാലക്കുടയിൽ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു പറഞ്ഞു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബൂത്തുകൾ എൽഡിഎഫ് നേതാക്കളോടൊപ്പം സന്ദർശിക്കുന്നതിനിടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ . ഭരണം തുടരും. നല്ലത് തുടരണം. ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് തന്നെയാണ് എൽഡിഎഫ് കേരളത്തിൽ പ്രവർത്തിച്ചത്. ഇരിങ്ങാലക്കുടയിൽ വാക്കാൽ പറഞ്ഞ് കേട്ടിരുന്ന പ്രവ്യത്തികൾ സാക്ഷാൽക്കരിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി

കഴിഞ്ഞ രണ്ട് തവണ നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ച് പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു. ബോയ്‌സ് സ്കൂളിലെ 106 നമ്പർ ബൂത്തിൽ കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് ഉണ്ണിയാടൻ വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിൽ വരും . ഇരിങ്ങാലക്കുട മണ്ഡലത്തിൽ 223 ബൂത്തുകളിലും യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിച്ചത്. തന്നെ നന്നായി അറിയാവുന്ന ആളുകളാണ് മണ്ഡലത്തിൽ ഉള്ളത്. തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു

അതേ സമയം ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇത്തവണ താമര വിരിയുമെന്ന് ബോയ്‌സ് സ്കൂളിലെ 107 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം പറഞ്ഞു. രണ്ട് മുന്നണികളെയും ജനങ്ങൾക്ക് മടുത്തു കഴിഞ്ഞു. മോഡിയുടെ പ്രഭാവവും ബിജെപി യുടെ വളർച്ചയും അനുകൂലഘടകങ്ങളാണ്. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നേടിയെടുത്ത മേധാവിത്വം ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് സന്തോഷ് ചെറാക്കുളം പറഞ്ഞു .

Please follow and like us: