ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; ഗോകുലം എഫ് സി ജേതാക്കൾ

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; ഗോകുലം എഫ് സി ജേതാക്കൾ.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ് സി യുടെ നേതൃത്വത്തിൽ നടന്ന പ്രഥമ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗോകുലം എഫ് സി കോഴിക്കോട് ജേതാക്കൾ. ഫൈനലിൻ്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മൽസരത്തിൽ 2-1 എന്ന സ്കോറിന് കേരള പോലീസിനെ ഗോകുലം എഫ് സി പരാജയപ്പെടുത്തി. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ ഗോകുലത്തിന് വേണ്ടി അക്ഷുമ കേരള പോലീസിൻ്റെ വല ചലിപ്പിച്ചു. പത്താം മിനിറ്റിൽ റിഷാദിലൂടെ ഗോകുലം ലീഡ് 2 – 0 ആക്കി ഉയർത്തി. പത്തൊൻപതാം മിനിറ്റിൽ കേരള പോലീസ് ബേബിളിലൂടെ ഒരു ഗോൾ മടക്കി .തുടർന്ന് ഇരു ടീമുകളും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.

സമാപന ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും മുൻ താരവുമായ യു ഷറഫലി മുഖ്യാതിഥി ആയിരുന്നു. മികച്ച ഗോൾ കീപ്പർ ആയി ഗോകുലത്തിൻ്റെ ബിശ്വജിത്ത്, ഡിഫൻണ്ടറായി ഗോകുലത്തിൻ്റെ അതുൽ, മിഡ് ഫീൽഡർ ആയി കേരള പോലീസിൻ്റെ ജംഷദ് , ഫോർവേർഡ് ആയി കേരള പോലീസിൻ്റെ ബേബിൾ, മികച്ച കളിക്കാരനായി ഗോകുലത്തിൻ്റെ മോസ്സസ്, മികച്ച ടീം ആയി പറപ്പൂർ എഫ് സി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ട്രോഫി മുൻ കോച്ച് പീതാംബരൻ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, ഡിഎഫ് എ സെക്രട്ടറി റോയി കുര്യൻ, ഒളിംപ്യൻ എഫ് സി സെക്രട്ടറി എ വി ജോസഫ്, പ്രസിഡണ്ട് പ്രഹ്ളാദൻ എം കെ , സി പി അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: