” ആനന്ദിൻ്റെ രചനാലോകം “; ദ്വദിന സെമിനാർ തുടങ്ങി; അഗാധമായ നൈതിക ബോധം പുലർത്തിയ എഴുത്തുകാരനാണ് ആനന്ദ് എന്ന് എം മുകുന്ദൻ
ഇരിങ്ങാലക്കുട : അഗാധമായ നൈതിക ബോധം പുലർത്തുന്ന എഴുത്തുകാരനാണ് ആനന്ദ് എന്ന് എം മുകുന്ദൻ. ഇത് ആഘോഷങ്ങളുടെ കാലമാണ്. വായനക്കാരുടെ ശബ്ദങ്ങളിലാണ് പല എഴുത്തുകാരും ജീവിക്കുന്നത്. എന്നാൽ വായനക്കാരുടെ നിശബ്ദതയിലാണ് ആനന്ദിൻ്റെ ജീവിതം. കൊച്ചി -മുസിരിസ് ബിനാലെയുടെ അനുബന്ധ പരിപാടിയായി ആനന്ദിൻ്റെ ജന്മനാടായ ഇരിങ്ങാലക്കുടയിൽ ആനന്ദിൻ്റെ രചനാലോകം എന്ന പേരിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൗനത്തിൽ ജീവിക്കുന്ന എഴുത്തുകാരെ ലോകം തിരിച്ചറിഞ്ഞ് തുടങ്ങിക്കഴിഞ്ഞു. ഇവിടെയാണ് ആനന്ദിൻ്റെ പ്രസക്തി. ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ തൻ്റെ ദർശനങ്ങളെയും ജീവിതാവബോധത്തെയും മുറുകെപ്പിടിച്ച് ഇത്രയും കാലം പിന്നിടാൻ കഴിഞ്ഞ എഴുത്തുകാർ വിരളമാണെന്നും എം മുകുന്ദൻ ചൂണ്ടിക്കാട്ടി.
ഗായത്രി ഹാളിൽ നടന്ന പരിപാടിയിൽ പി പവിത്രൻ അധ്യക്ഷത വഹിച്ചു. ആനന്ദും ആധുനികതയും എന്ന വിഷയത്തിൽ വി രാജകൃഷ്ണനും ആനന്ദിൻ്റെ രചനകളിലെ പരിസ്ഥിതി ദർശനം എന്ന വിഷയത്തിൽ കെ സി നാരായണനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേളീ രാമചന്ദ്രൻ സ്വാഗതവും രാജീവ് മേനോൻ നന്ദിയും പറഞ്ഞു. ആനന്ദിൻ്റെ ശില്പങ്ങളുടെ പ്രദർശനത്തിൻ്റെ ഉദ്ഘാടനം എം ആർ രാജു നിർവഹിച്ചു.















