വെള്ളക്കെട്ട് ഭീഷണി; കോന്തിപുലത്തുള്ള താത്കാലിക തടയണ ഭാഗികമായി പൊളിച്ച് നീക്കി
ഇരിങ്ങാലക്കുട : വെള്ളക്കെട്ട് ഭീഷണിയെ തുടർന്ന് മാപ്രാണം നന്തിക്കര റൂട്ടിലുള്ള കോന്തിപുലം തടയണ ഭാഗികമായി പൊളിച്ച് നീക്കി. ഇരിങ്ങാലക്കുട നഗരസഭയിലെയും വേളൂക്കര , മുരിയാട്, ആളൂർ, പറപ്പൂക്കര പഞ്ചായത്തുകളിലെയും 5000 ത്തോളം എക്കർ കോൾപ്പാടങ്ങളിലെ കൃഷി ആവശ്യങ്ങൾക്ക് വെള്ളം സംഭരിക്കുന്നതിനാണ് ഡിസംബർ മാസം തുടക്കത്തിൽ കോന്തിപുലം പാലത്തിൻ്റെ കിഴക്കായി തടയണ നിർമ്മിക്കുന്നത്. മേജർ ഇറിഗേഷൻ വകുപ്പിൻ്റെ കീഴിൽ കനകമല സ്വദേശിയായ പ്രണവാണ് എട്ട് ലക്ഷത്തോളം രൂപ ചിലവിൽ കഴിഞ്ഞ ഡിസംബറിൽ താത്കാലിക തടയണ നിർമ്മിച്ചത്. ജൂൺ മുപ്പതോടെ പൊളിച്ച് നീക്കണമെന്ന വ്യവസ്ഥയിലാണ് തടയണ നിർമ്മിക്കുന്നത്. കാലവർഷം ആരംഭിക്കുകയും പറപ്പൂക്കര പഞ്ചായത്തിലെ നാല് വാർഡുകൾ വെള്ളക്കെട്ട് ഭീഷണിയിലാണെന്നെ പരാതി ഉയരുകയും ചെയ്തതോടെയാണ് തിങ്കളാഴ്ച താത്കാലിക തടയണ ഭാഗികമായി പൊളിച്ച് നീക്കിയത് . തടയണ ചൊവ്വാഴ്ച പൂർണ്ണമായും പൊളിച്ച് നീക്കുമെന്ന് കരാറുകാരൻ പ്രണവ് പറഞ്ഞു.
അതേ സമയം 12.5 കോടി രൂപ ചിലവഴിച്ച് കോന്തിപുലത്ത് പാലത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥാപിക്കുന്ന സ്ഥിരം സ്ലൂയിസിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. വെള്ളക്കെട്ട് ഭീഷണി ഉയർന്നതോടെ ഇവിടെ നിർമ്മിച്ചിരുന്ന മൂന്ന് ബണ്ടുകളുടെ മധ്യഭാഗവും പൊളിച്ച് നീക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ ഈ പ്രവൃത്തി പൂർത്തികരിച്ചിരുന്നു.















