ഇരിങ്ങാലക്കുട എം ജി പാർക്ക് നവീകരണ പ്രവർത്തനങ്ങൾ നിലച്ചു

എം ജി പാർക്ക് നവീകരണ പ്രവർത്തനങ്ങൾ നിലച്ചിട്ട് മാസങ്ങൾ; കായിക ടൂർണമെൻ്റുകളുടെ ചരിത്രമുള്ള പാർക്ക് വീണ്ടും പുല്ലും കാടും നിറഞ്ഞ പഴയ അവസ്ഥയിലേക്ക്

ഇരിങ്ങാലക്കുട : കരാറുകാരന് പണം ലഭിക്കാഞ്ഞതിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കൂടൽമാണിക്യ ക്ഷേത്രത്തിന് അടുത്തുള്ള എംജി പാർക്കിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നിലച്ചു. കാടും മണ്ണുമായി കിടന്നിരുന്ന പട്ടണത്തിലെ പ്രധാന കളിയിടങ്ങളിൽ ഒന്നായ എംജി പാർക്കിൻ്റെ അവസ്ഥയെ ചൊല്ലി പ്രതിഷേധങ്ങൾ ഉയർന്ന ഘട്ടത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്കിൻ്റെ നവീകരണത്തിന് 35 ലക്ഷം രൂപ അനുവദിച്ചത്. പ്രായമായവർക്ക് നടക്കാനുള്ള ടൈൽ വിരിച്ചുള്ള നടപ്പാത, കുട്ടികൾക്ക് പാർക്ക് , ഓപ്പൺ ജിം , ബോൾ ബാഡ്മിൻ്റൺ കോർട്ട് എന്നിവ ഉൾപ്പെട്ട പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് വിളിച്ച ടെണ്ടർ നടപടികളെ തുടർന്ന് പൊറത്തിശ്ശേരി സ്വദേശിയായ സുനിൽകുമാറാണ് നിർമ്മാണ കരാർ എടുത്തിരുന്നത്. കഴിഞ്ഞ വർഷം നവംബർ ആദ്യത്തോടെ നിർമ്മാണോദ്ഘാടനം നടത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തുവെങ്കിലും സാമ്പത്തിക പ്രശ്നത്തെ തുടർന്ന് നിലയ്ക്കുകയായിരുന്നു. ഇതോടെ അഖില കേരള ക്രിക്കറ്റ് ടൂർണ്ണമെൻ്റുകളുടെയും കോച്ചിംഗ് ക്യാമ്പുകളുടെയും ചരിത്രമുള്ള പാർക്ക് വീണ്ടും കാട് പിടിച്ച് കിടക്കുന്ന പഴയ അവസ്ഥയിലേക്ക് മടങ്ങുകയായിരുന്നു. കരാറുകാരന് പണം ലഭിക്കാൻ വൈകിയതാണ് നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിക്കാൻ കാരണമായതെന്നും ഇപ്പോൾ പണം ഭാഗികമായി അനുവദിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും പാർക്ക് സ്ഥിതി ചെയ്യുന്ന വാർഡ് 28 കൗൺസിലർ സ്‌മിത കൃഷ്ണകുമാർ വ്യക്തമാക്കുന്നുണ്ട്. കരാറുകാരൻ്റെ ബിൽ പാസ്സാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും നഗരസഭ അധികൃതരും അറിയിച്ചു.

Please follow and like us: