സമ്പൂർണ്ണനായ എഴുത്തുകാരനാണ് ആനന്ദ് എന്ന് സച്ചിദാനന്ദൻ; പരിചയപ്പെട്ട ആളുകളോടും അവസ്ഥകളോടും പ്രതികരിക്കാനാണ് എഴുത്തിലൂടെ ശ്രമിച്ചതെന്ന് ആനന്ദ്

സമ്പൂർണ്ണനായ എഴുത്തുകാരനാണ് ആനന്ദ് എന്ന് സച്ചിദാനന്ദൻ; പരിചയപ്പെട്ട ആളുകളോടും അവസ്ഥകളോടും പ്രതികരിക്കാനാണ് എഴുത്തിലൂടെ ശ്രമിച്ചതെന്നും മാറുന്ന ലോകത്തോട് ക്രിയാത്മകമായി പ്രതികരിക്കാത്ത ഒരു ഭരണവ്യവസ്ഥയും നിലനിൽക്കില്ലെന്നും ആനന്ദ് ; ” ആനന്ദിൻ്റെ രചനാലോകം ” ദ്വദിന സെമിനാർ സമാപിച്ചു.

 

ഇരിങ്ങാലക്കുട : സമ്പൂർണ്ണനായ എഴുത്തുകാരനാണ് ആനന്ദെന്ന് സച്ചിദാനന്ദൻ. മലയാളികൾ ഇനിയും ആനന്ദിനെ വേണ്ടത്ര ചർച്ച ചെയ്തിട്ടില്ല. ഇത്രയും സത്യസന്ധതയും ആശയദാർഡ്യവുമുള്ള എഴുത്തുകാരൻ മലയാളത്തിൽ വേറെയില്ല. പുരസ്കാരങ്ങൾക്കോ പ്രശസ്തിക്കോ പുറകെ ഒരിക്കലും ആനന്ദ് പോയിട്ടില്ല. കൊച്ചി – മുസിരിസ് ബിനാലെയുടെ അനുബന്ധ പരിപാടിയായി ആനന്ദിൻ്റെ ജന്മനാടായ ഇരിങ്ങാലക്കുടയിൽ ” ആനന്ദിൻ്റെ രചനാലോകം ” എന്ന പേരിൽ സംഘടിപ്പിച്ച ദ്വദിന സെമിനാറിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള വ്യസനങ്ങളാണ് ആനന്ദിൻ്റെ രചനകളിൽ നിറയുന്നത്. നവീനമായ ആഖ്യാനശൈലിയാണ് ആനന്ദ് എഴുത്തിൽ ആവിഷ്ക്കരിച്ചത്. ചരിത്രബോധമുള്ള എഴുത്താണ് ആനന്ദിൻ്റേത്. പ്രത്യയശാസ്ത്രങ്ങളുടെ അപൂർണ്ണത തിരിച്ചറിയാൻ ആനന്ദിന് കഴിഞ്ഞു. ജനാധിപത്യത്തിൽ വിശ്വസിക്കുമ്പോൾ തന്നെ നിലനിൽക്കുന്ന ജനാധിപത്യത്തിലുള്ള അവിശ്വാസവും ആനന്ദ് ആവിഷ്ക്കരിക്കുന്നുണ്ടെന്ന് സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. അശോകൻ ചരുവിൽ അധ്യക്ഷനായിരുന്നു.

ഗായത്രി ഹാളിൽ രാവിലെ ആനന്ദിൻ്റെ രചനകളിലെ നൈതികതയെക്കുറിച്ച് സുനിൽ പി ഇളയിടവും ഭാഷയും ആഖ്യാനത്തെയുംക്കുറിച്ച് എൻ അജയകുമാറും ചരിത്രദർശനത്തെക്കുറിച്ച് ഷാജി ജേക്കബും ആനന്ദിൻ്റെ കവിതകളെക്കുറിച്ച് ദേവേശൻ പേരൂറും ഉച്ചയ്ക്ക് ആനന്ദിൻ്റെ ചെറുകഥകളെക്കുറിച്ച് ഗീതയും നാടകങ്ങളെക്കുറിച്ച് എം ആർ രാജേഷും ലേഖനങ്ങളെക്കുറിച്ച് അൻവർ അലിയും സംസാരിച്ചു.

പരിചയപ്പെട്ട ആളുകളോടും അവസ്ഥകളോടും പ്രതികരിക്കാനാണ് എഴുത്തിലൂടെ താൻ ശ്രമിച്ചതെന്ന് വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആനന്ദ് പറഞ്ഞു. ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് എഴുപത് കൊല്ലത്തോളം പുറത്തായിരുന്നു. തൻ്റെ മുന്നിൽ ഇന്ത്യയാണ് നിറഞ്ഞ് നിന്നത്. കേരളീയ പശ്ചാത്തലത്തിൽ ഒരു രചന അതു കൊണ്ടാകാം ഉടലെടുക്കാതിരുന്നത്. തൻ്റെ രചനകൾ ദുർഗ്രഹമാണെന്ന് കരുതുന്നില്ല. തുറന്ന മനസ്സോടെ വായിക്കാൻ ശ്രമിച്ചാൽ മതി. വായിച്ചുവെന്നും മനസ്സിലായി എന്നുമാണ് സാധാരണക്കാർ പറഞ്ഞിട്ടുള്ളത്. ഉന്നതതലത്തിൽ ഉള്ളവർക്കാകാം ഒരു പക്ഷേ മനസ്സിലാകാതെ പോയത്. ജനങ്ങളുമായി ബന്ധമില്ലാത്തതും മാറുന്ന ലോകത്തോട് ക്രിയാത്മകമായി പ്രതികരിക്കാത്തതുമായ ഒരു ഭരണവ്യവസ്ഥയും നിലനിൽക്കില്ല. മാർക്സ് വിഭാവനം ചെയ്യാതിരുന്ന ഹിംസയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പിന്നീട് കൈവന്നത്. ഹിന്ദു മതം എന്ന ഒന്നില്ല. സംഘടിത മതങ്ങളുടെ സ്വഭാവത്തിലേക്ക് ഹിന്ദു മതവും വന്ന് കൊണ്ടിരിക്കുന്നത്. ഹിന്ദുത്വയുടെ ലക്ഷണങ്ങൾ സ്വാതന്ത്ര്യത്തിന് മുമ്പേ തന്നെ ആരംഭിച്ചതാണെന്നും ആനന്ദ് ചൂണ്ടിക്കാട്ടി. പെരുവനം രാജ്യാന്തര ഗ്രാമോൽസവത്തിൻ്റെ സംഘാടകനായ കേളി രാമചന്ദ്രൻ , പി പവിത്രൻ, കെ എ ജെൻസി , വിദ്യ എം വി , സുമി ജോയി എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു. വൈകീട്ട് റോയ് ജോർജ്ജ്കുട്ടി ആശാൻ്റെ നേതൃത്വത്തിൽ ചവിട്ടുനാടകവും അരങ്ങേറി.

Please follow and like us: