കലുങ്ക് സംവാദത്തിൽ ഉയർന്നത് കരുവന്നൂർ ബാങ്കും ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളും എയിംസും മെട്രോയും ഉൾപ്പെടെയുള്ള വിഷയങ്ങൾ; ” ഇഡി പിടിച്ചെടുത്ത കാശ് സ്വീകരിക്കാനും വിതരണം ചെയ്യാനും മുഖ്യമന്ത്രിയോട് ” പറയാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശ്ശൂർ മോഡലിൽ ” നഗരസഭ ഭരണം ഇങ്ങ് എല്പിക്കാനും ” ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി
ഇരിങ്ങാലക്കുട : ” ഇട്ട പൈസ മര്യാദയ്ക്ക് തിരിച്ച് കൊടുക്കട്ടെ. ഇഡി പിടച്ചെടുത്ത് കാശ് വച്ചിട്ടുണ്ട്. സ്വീകരിക്കാൻ പറ മുഖ്യമന്ത്രിയോട്. അധികം വർത്തമാനം പറയണ്ട. പോയി മുഖ്യമന്ത്രിയെ കാണ്” – പറയുന്നത് കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപി. പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യാനായി മണ്ഡലത്തിൽ ആരംഭിച്ചിട്ടുള്ള ” കലുങ്ക് സൗഹ്യദ വികസന സംവാദം ” ആയിരുന്നു വേദി. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ രാവിലെ എട്ട് മണിയോടെ ആയിരുന്നു കലുങ്ക് സംവാദം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ വയോധിക ആനന്ദവല്ലി ഉയർത്തിയ ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു മേൽ പറഞ്ഞ വാക്കുകൾ. ” വ്യക്തിപരമായ ആവശ്യങ്ങൾ ഉന്നയിക്കാനല്ല. പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യാനാണ് തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ നടന്നിരുന്ന കട്ട പഞ്ചായത്ത് മോഡലിൽ കലുങ്ക് സംവാദം സംഘടിപ്പിക്കുന്നത്. സ്റ്റേജ് പ്രസംഗങ്ങളുടെ കാലം കഴിഞ്ഞു. ചെയ്യാൻ പറ്റുമെങ്കിൽ പറയും. പറ്റില്ലെങ്കിൽ പറ്റില്ല എന്ന് തന്നെ പറയും ” – കലുങ്ക് സംവാദം ആരംഭിച്ചത് മന്ത്രിയുടെ ഈ വാക്കുകളോടെ ആയിരുന്നു. കേരളത്തിലേക്കുള്ള എയിംസ് ആശുപത്രി യാതൊരു വികസനവും എത്താത്ത ആലപ്പുഴയിൽ വേണമെന്ന നിലപാട് 2016 ൽ തന്നെ താൻ പറഞ്ഞത്. 2016 ലെ തന്ത തന്നെയാണ് ഇപ്പോഴും. ആലപ്പുഴയിൽ സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ തൃശ്ശൂരിന് വേണ്ടി ശബ്ദം ഉയർത്തും. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നാലാം നില നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ കാലെടുത്ത് വയ്ക്കാൻ പറ്റിയ ഒരു റോഡ് പോലുമില്ലെന്ന് ഒരാൾ പരാതി പറഞ്ഞപ്പോൾ ” തൃശ്ശൂർ പോലെ ഇരിങ്ങാലക്കുട നഗരസഭ ഇങ്ങ് എല്പിക്ക് ” എന്നായിരുന്നു മറുപടി . ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ സെക്കണ്ട് സ്റ്റേഷൻ ആയി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ, മണ്ഡലം പ്രഭാരി കെ പി ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് , മണ്ഡലം എരിയ പ്രസിണ്ടുമാർ, ജന . സെക്രട്ടറിമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ട ഒരുക്കിയിരുന്ന നമോ ടീ സ്റ്റാളിൽ നിന്നും ചായയും മധുര പലഹാരങ്ങളും പ്രഭാത ഭക്ഷണവും വിതരണം ചെയ്തിട്ടാണ് മന്ത്രി മടങ്ങിയത്.















