നൈറ്റ് പട്രോളിംഗിന് ഇനി കോളേജ് വിദ്യാർഥിനികളും; ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഷീവോൾവ് പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ക്രൈസ്റ്റ് കോളേജും സംയുക്തമായി കോളേജ് വിദ്യാർത്ഥിനികളുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യ നൈറ്റ് പട്രോളിങ് പ്രോജക്ടായ ഷീവോൾവിന് തുടക്കം കുറിച്ചു. കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിലാണ് ഷീവോൾവ് നടപ്പിലാക്കുന്നത്. പെൺകുട്ടികളെ നിയമപാലന സംവിധാനങ്ങളുമായി കൂടുതൽ അടുപ്പിക്കുകയും, നഗരങ്ങളിലും ഗ്രാമങ്ങളിലും രാത്രികാല ജീവിതം സുരക്ഷിതമായി പരിചയപ്പെടുത്തുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ. പി. എസ് അധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് , മാനേജർ ഫാ. ജോയ് പി.ടി, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി, ഡിവൈഎസ്പി എം കെ ഷാജി,ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് ഐ സൗമ്യ ഇ യു , വനിതാ പോലീസ് സ്റ്റേഷൻ എസ്. ഐ ജിബിഷ പ്രകാശ്, ക്രൈസ്റ്റ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കുമാരി ജന്നത്ത് എ. എസ് തുടങ്ങിയവർ സംസാരിച്ചു . ഒരു വനിതാ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരിക്കും വിദ്യാർത്ഥിനികൾ പട്രോളിംഗിൽ പങ്കെടുക്കുയെന്ന് അധികൃതർ അറിയിച്ചു















