ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോം സ്‌റ്റേകൾ; പരിശോധനകൾക്കായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ആരോഗ്യ വിഭാഗം

ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോം സ്റ്റേകൾ; പരിശോധനകൾക്കായി ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ പ്രത്യേക സ്‌ക്വാഡ് തയ്യാറെടുക്കുന്നു ; ഹോം സ്റ്റേകളുടെ പ്രവർത്തനത്തിന് ലൈസൻസ് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ടെന്ന് വർക്കല നഗരസഭ ആരോഗ്യ വിഭാഗം

ഇരിങ്ങാലക്കുട : പട്ടണത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ഹോം സ്‌റ്റേകൾക്ക് കടിഞ്ഞാണിടാൻ നഗരസഭ. ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ഹോം സ്‌റ്റേകളിൽ പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത് . ലേബർ ക്യാമ്പിന് സമാനമായ സാഹചര്യങ്ങളിലാണ് ക്രൈസ്റ്റ് കോളേജിനെ ചുറ്റിപ്പറ്റി ഹോം സ്‌റ്റേകൾ പ്രവർത്തിക്കുന്നതെന്നും വാർഡൻ ഇല്ലാതെയും ആവശ്യത്തിന് കെട്ടിട സുരക്ഷയോ ഇല്ലാതെയുമാണ് പ്രവർത്തിക്കുന്നതെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഹോം സ്‌റ്റേകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കോളേജിന് അടുത്ത് താമസിക്കുന്ന ഒരു ഗ്യഹനാഥന് മർദ്ദനമേല്ക്കുകയും നാല് വിദ്യാർഥികൾക്ക് എതിരെ പോലീസ് കേസ്സെടുക്കുകയും ഇവർക്കെതിരെ ക്രൈസ്റ്റ് മാനേജ്മെൻ്റ് അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ആരോപണങ്ങൾ ഉയർന്നിട്ടുള്ള വിഷയങ്ങളിൽ പരിശോധനയ്ക്ക് ഒരുങ്ങുന്നത്. അതേ സമയം ഹോം സ്റ്റേകൾക്ക് ലൈസൻസ് ആവശ്യമാണെന്ന് ഹോം സ്‌റ്റേകൾ എറെയുള്ള വർക്കല നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും പരിധി വിട്ടുള്ള അന്തേവാസികൾ ഉണ്ടെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിയും അനിവാര്യമാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ഹോം സ്റ്റേ/ പേയിംഗ് ഗസ്റ്റ് സംവിധാനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളുവെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Please follow and like us: