പരസ്യ ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഇരട്ടത്താപ്പെന്ന് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ; അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 13 ന് വെള്ളാങ്ങല്ലൂരിൽ
ഇരിങ്ങാലക്കുട : പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ . 2024 ഡിസംബറിൽ മെയിൻ റോഡിൽ ഒരു സ്വകാര്യ വ്യക്തിയുടെ ഗേറ്റിന് മുമ്പിൽ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം അസോസിയേഷൻ വച്ചിരുന്ന ബോർഡ് എടുത്ത് മാറ്റുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്ത നഗരസഭ ചേലൂർ പ്രദേശത്ത് ആഴ്ചകളായി വാർഡ് കമ്മിറ്റിയുടെ പേരിൽ വച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകളുടെ കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അസോസിയേഷൻ്റെ ജില്ലാ സമ്മേളന പരിപാടികൾ വിശദീകരിക്കുവാൻ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിലാണ് അസോസിയേഷൻ ഭാരവാഹികൾ ഭരണകൂടത്തിൻ്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയത്.
അസോസിയേഷൻ്റെ നാല്പത്തിയൊന്നാം ജില്ലാ സമ്മേളനം നവംബർ 13 ന് വെള്ളാങ്ങല്ലൂർ പിസികെ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഫോട്ടോഗ്രാഫി അവാർഡ് ദാനം നടത്തും. ജില്ലയിലെ 50 യൂണിറ്റുകളിൽ നിന്നായി 1500 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് എ സി ജോൺസൻ , ജനറൽ കൺവീനർ സജയൻ കാറളം, സ്വാഗത സംഘം ചെയർമാൻ എൻ എസ് പ്രസാദ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പതാക പ്രയാണം, പൊതുസമ്മേളനം , പ്രതിനിധി സമ്മേളനം , ട്രേഡ് ഫെയർ, ഫോട്ടോ പ്രദർശനം എന്നീ പരിപാടികളോടെയാണ് സമ്മേളനം നടത്തുന്നത്. ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ്, ജില്ലാ പിആർഒ അജയൻ, മേഖല പിആർഒ വിശ്വനാഥ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു















