സംഗമോത്സവത്തിന് മുന്നോടിയായി വികസനപദ്ധതികളുമായി ശ്രീകൂടൽമാണിക്യദേവസ്വം;ശ്രീ സംഗമേശ്വര ആയുർവ്വേദഗ്രാമം മെയ് 7ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും; നവീകരണം പൂർത്തിയായ പടിഞ്ഞാറെ ഗോപുരത്തിൻ്റെ സമർപ്പണം മെയ് 8 ന്..

ഇരിങ്ങാലക്കുട: തനത് വരുമാനത്തിൻ്റെ അഭാവത്തിലും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൻ്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വികസനപദ്ധതികളുമായി ശ്രീകൂടൽമാണിക്യദേവസ്വം.ദേശീയനൃത്തവാദ്യസംഗീതോൽസവം എന്ന നിലയിൽ ശ്രദ്ധ ആകർഷിച്ച് കഴിഞ്ഞ ഉൽസവത്തിൻ്റെ മുന്നോടിയായിട്ടാണ് ക്ഷേത്രത്തിൻ്റെ വരുമാനം വർധിപ്പിക്കാൻ കൂടി ലക്ഷ്യമാക്കിയുള്ള പദ്ധതികളിലേക്ക് കടക്കുന്നത്.ദേവസ്വം വക കൊട്ടിലാക്കൽ പഴയ ടൂറിസം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്ന ശ്രീ സംഗമേശ്വര ആയുർവ്വേദഗ്രാമത്തിൻ്റെ ഭാഗമായുള്ള ഉദ്ഘാടനം മെയ് 7 ന് 11 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കുമെന്ന് ദേവസ്വം ചെയർമാൻ പ്രദീപ്മേനോൻ, അഡ്മിനിസ്ട്രേറ്റർ എം സുഗീത എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ഒ പി വിഭാഗത്തോടൊപ്പം പഞ്ചകർമ്മ ചികിൽസക്കുള്ള പദ്ധതിയും രണ്ടാം ഘട്ടത്തിൽ കിടത്തി ചികിൽസ സൗകര്യങ്ങളുള്ള ആശുപത്രിയുമാണ് അഞ്ച് എക്കർ സ്ഥലത്തായി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ 55 ലക്ഷം രൂപ ചിലവിൽ നവീകരിച്ച പടിഞ്ഞാറെ ഗോപുരത്തിൻ്റെ സമർപ്പണം മെയ് 8 ന് വൈകീട്ട് 6 ന് നടക്കും.പൂർണ്ണമായും തേക്ക് ഉപയോഗിച്ചാണ് മാളിക ഗണത്തിൽ പെടുന്ന ഗോപുരത്തിൻ്റെ നവീകരണം പൂർത്തീകരിച്ചിട്ടുള്ളത്.
മെയ് 12 ന് കൊടികയറി 22 ന് കൂടപ്പുഴ ആറാട്ട് കടവിൽ ആറാട്ടോടെ ആഘോഷിക്കുന്ന ഉൽസവത്തിൻ്റെ ഭാഗമായുള്ള ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം 12 ന് വൈകീട്ട് 6.30 ന് നടക്കും.ഐസിഎൽ ഫിൻകോർപ്പാണ് ബഹുനില അലങ്കാരപ്പന്തൽ ഉൾപ്പെടെയുള്ള ദീപാലങ്കാരങ്ങൾ സമർപ്പിക്കുന്നത്. ഉൽസവത്തിൻ്റെ ഭാഗമായുള്ള എക്സിബിഷൻ്റെ ഉദ്ഘാടനം മെയ് 11 ന് വൈകീട്ട് 6.30 ന് ആർഡിഒ എം എച്ച് ഹാരീഷ് നിർവഹിക്കും.
കേന്ദ്രസംഗീതനാടക അക്കാദമിയുടെ പങ്കാളിത്തത്തോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴ് കലാകാരൻമാരുടെ പരിപാടികൾ, പത്മശ്രീ കലാമണ്ഡലം ഗോപിയുടെ കഥകളി, കൊടിപ്പുറത്ത് വിളക്ക് ദിവസം കേളത്ത് അരവിന്ദാക്ഷമാരാരുടെ പ്രമാണത്തിലുള്ള മേളം എന്നിവ ഉൽസവ പരിപാടികളുടെ പ്രധാന ആകർഷണങ്ങളായിരിക്കും. ഉൽസവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം 13 ന് 7.30 ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും.ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിക്കും
ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ കെ ജി അജയ്കുമാർ, കെ ജി സുരേഷ്, ആയുർവ്വേദ ഗ്രാമം ഡയറക്ടർ ഡോ കേസരിമേനോൻ, ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ, പടിഞ്ഞാറെ നടഗോപുരവികസനസമിതി കൺവീനർ മനോജ് കല്ലിക്കാട്ട് ,പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ പി മണികണ്ഠൻ, എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















