നവ്യം സാംസ്കാരികോൽസവത്തിൻ്റെ അഞ്ചാം പതിപ്പിന് തുടക്കമായി

” നവ്യം “സാംസ്കാരികോൽസവത്തിൻ്റെ അഞ്ചാം പതിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

ഇരിങ്ങാലക്കുട: ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബിൻ്റെ നേതൃത്വത്തിൽ സാംസ്കാരിക മഹോൽസവമായ ” നവ്യം” ത്തിൻ്റെ അഞ്ചാം പതിപ്പിന് അമ്മന്നൂർ മാധവനാട്യഭൂമിയിൽ തുടക്കമായി. സംഗീത നാടക അക്കാദമി ചെയർമാനും പിന്നണി ഗായകനുമായ ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് മുഖ്യരക്ഷാധികാരി തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ക്ലബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ , സെക്രട്ടറി അഡ്വ രാജേഷ് തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കലാമണ്ഡലം വിപിൻ ശങ്കർ “ചിട്ടയുടെ അതിരുകളും സർഗ്ഗാത്മകതയുടെ ആകാശവും: നരകാസുരവധം കഥകളിയുടെ അരങ്ങുപാഠങ്ങളെ മുൻനിർത്തി ഒരു പുനർവായന” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വൈകീട്ട് ഹരികൃഷ്ണൻ, പാർവ്വതി പിണക്കാമിറ്റം, യദുകൃഷ്ണൻ എന്നിവർ അണിനിരന്ന ‘നരകാസുരവധം’ കഥകളിയും അരങ്ങേറി.

രണ്ടാം ദിനത്തിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച സംഗീതാർച്ചനയും, “മാലിയുടെ സംഗീതം ആസ്വാദകഹൃദയങ്ങളിൽ” എന്ന വിഷയത്തിൽ കെ. ഗോപാലകൃഷ്ണൻ നായരുടെ പ്രഭാഷണം, ഹരിപ്രസാദിന്റെ പുല്ലാങ്കുഴൽ കച്ചേരി,ചെണ്ടവാദകൻ കലാനിലയം ഉദയൻ നമ്പൂതിരിയുമായി കാവനാട് രവി നമ്പൂതിരിയുടെ അഭിമുഖം , കലാമണ്ഡലം സുമേഷിന്റെ തായമ്പക, ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ പ്രഭാഷണം, രാഹുൽ ചാക്യാർ അവതരിപ്പിച്ച ‘അശോകവനികാങ്കം’ കൂടിയാട്ടം എന്നിവയായിരുന്നു പരിപാടികൾ. മൂന്നാംദിനമായ ഞായറാഴ്ച നവ്യം സമാപിക്കും.

Please follow and like us: