ഠാണാ ചന്തക്കുന്ന് വികസനം; ഡിവൈഡർ നിർമ്മാണം തടയാൻ രൂപീകരിച്ച ആക്ഷൻ കൗൺസിൽ പിരിച്ച് വിടണമെന്നും പള്ളിയും പാതിരിമാരും മതപരമായ കാര്യങ്ങളിൽ ഒതുങ്ങി പ്രവർത്തിക്കുന്നതാണ് നല്ലതെന്നും മുൻ മന്ത്രി ഡോ ആർ ബിന്ദു ; എൽഡിഎഫ് സർക്കാർ ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കമിട്ട കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കാൻ എംഎൽഎ തയ്യാറാകണമെന്നും ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട : പള്ളിയും പാതിരിമാരും മതപരമായ കാര്യങ്ങളിൽ ഒതുങ്ങി പ്രവർത്തിക്കുന്നതാണ് നല്ലതെന്നും ജനാഭിപ്രായം മാനിച്ച് ആക്ഷൻ കൗൺസിൽ പിരിച്ച് വിടണമെന്നും മുൻ മന്ത്രി ഡോ ആർ ബിന്ദു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒരു വ്യക്തിക്ക് വോട്ട് ചെയ്യണമെന്ന് കുർബാനയ്ക്കിടയിൽ നിർദേശിച്ച വൈദികന് രാഷ്ട്രീയ അജണ്ടയാണ് ഉള്ളത്. പള്ളി അധികൃതർക്കും കച്ചവടക്കാർക്കും നല്ല തുക നൽകിയാണ് ഠാണാ ചന്തക്കുന്ന് വികസന പദ്ധതിക്ക് ഭൂമി എറ്റെടുത്തിട്ടുള്ളത്. എത്രയോ യോഗങ്ങൾ വിളിച്ച് പരാതികൾ എല്ലാം കേട്ടതിന് ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഇപ്പോൾ പദ്ധതിയുടെ അന്തിമഘട്ടത്തിൽ എതിരായി രംഗത്ത് വരുന്നത് ശരിയല്ല. പദ്ധതി നേരത്തെ പൂർത്തീകരിക്കേണ്ടതായിരുന്നു. പള്ളിയുടെ ആവശ്യങ്ങൾക്ക് വഴങ്ങി പല സന്ദർഭങ്ങളിലും ഇതേ വൈദികൻ തന്നെ പണി നിറുത്തി വയ്പ്പിക്കുകയായിരുന്നു. 52 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് അള്ള് വയ്ക്കാൻ ചില നിക്ഷിപ്ത താൽപ്പര്യക്കാർ രംഗത്ത് വരുന്നത് ഖേദകരമാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ചിട്ടുള്ളത്. ഇവ പൂർത്തീകരിക്കാനുള്ള സന്നദ്ധത എംഎൽഎ കാണിക്കണം. ഇവ അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് ആക്ഷൻ കൗൺസിൽ. ഡിവൈഡർ നിർമ്മാണം പദ്ധതിയിൽ ഉള്ള രീതിയിൽ തന്നെ നടപ്പിലാക്കണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയില്ല. ജനങ്ങളുടെ യാത്രാ സുരക്ഷയാണ് വലുതെന്നും മുൻ എംഎൽഎ ചൂണ്ടിക്കാട്ടി. സിപിഎം എരിയ സെക്രട്ടറി വി എ മനോജ് കുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു















