പല്ലാവൂർ സമിതിയുടെ പുരസ്കാരങ്ങൾ സമർപ്പിച്ചു

പല്ലാവൂർ സമിതിയുടെ പുരസ്കാരങ്ങൾ സമർപ്പിച്ചു; നാടിൻ്റെ സാംസ്കാരമായ കലകൾ അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാർ പൂർണ്ണ പിന്തുണ നൽകേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഇരിങ്ങാലക്കുട : നാടിൻ്റെ സംസ്കാരമായ കലകൾ അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാരിൻ്റെ പൂർണ്ണ പിന്തുണ ഇത്തരം കലകൾക്കും കലാകാരൻമാർക്കും കൊടുക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല .

ഇരിങ്ങാലക്കുടയിൽ നടന്ന 17- മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ നാട്ടിൽ കഥകളി യോഗങ്ങൾ ഇല്ലാതായി കൊണ്ടിരിക്കുകയാണ് . ചെറുപ്പക്കാർ നാട്ടിൽ ഇല്ലാത്തത് ഉൾപ്പെടെയുള്ള സാമൂഹ്യ സാഹചര്യങ്ങൾ കാരണമാകുന്നുണ്ടാകാം. മഹാകവി വള്ളത്തോളിൻ്റെ ശ്രമഫലമായി ആരംഭിച്ച കലാമണ്ഡലം ഉള്ളത് കൊണ്ട് പലകലകളും നിലനിറുത്താൻ കഴിയുന്നുണ്ടെന്ന് മന്ത്രി തുടർന്ന് പറഞ്ഞു. കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം പി ജാക്സൻ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ തൃപ്പേക്കുളം പുരസ്കാരം കലാനിലയം കുഞ്ചുണ്ണിയ്ക്കും പല്ലാവൂർ ഗുരു സ്മൃതി അവാർഡ് കുട്ടനെല്ലൂർ രാജൻമാരാർക്കും പത്മജ്യോതി പുരസ്‌കാരങ്ങൾ മനുമാസ്റ്റർക്കും സുധാമൻ സുബ്രമണ്യനും ഗുരുപൂജ പുരസ്കാരങ്ങൾ പുതുക്കോട് പത്മനാഭമാരാർ, രാമാട്ട് നാരായണൻനായർ , കീഴില്ലം ഗോപാലകൃഷ്ണൻ, മറ്റൂർ വേണു, തിരുവില്വാമല രാമചന്ദ്രൻ , എഷ്യാഡ് ശശി മാരാർ, പല്ലശ്ശന മാധവൻകുട്ടി, വയലൂർ സുകുമാരൻ, തൃപ്പാളൂർ രാജൻ, വട്ടേക്കാട് രവി എന്നിവർക്കും സമ്മാനിച്ചു. നിയമസഭ സാമാജികനായതിൻ്റെ 25 വർഷം പൂർത്തിയാക്കുന്ന അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ, മുഖ്യ മന്ത്രിയുടെ പോലീസ് മെഡൽ നേടിയ അസി. സബ് ഇൻസ്പെക്ടർ ധനേഷ് സി ജി , കൂടിയാട്ട കേന്ദ്രം ഡയറക്ടർ ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗവ സ്പെഷ്യൽ സെക്രട്ടറി എം ഉണ്ണികൃഷ്ണൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, കലാമണ്ഡലം റിട്ട ഡപ്യൂട്ടി രജിസ്ട്രാർ വി കലാധരൻ , കലാനിലയം സെക്രട്ടറി സതീഷ് വിമലൻ, എന്നിവർ ആശംസകൾ നേർന്നു . പല്ലാവൂർ സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ് സ്വാഗതവും ട്രഷറർ അജയ് മേനോൻ നന്ദിയും പറഞ്ഞു.

Please follow and like us: