കാട്ടൂരിലെ വാടക വീട്ടിൽ നിന്നും എക്സൈസ് സംഘം 3220 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു

കാട്ടൂരിൽ എക്സൈഡ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വാടക വീട്ടിൽ നിന്നും 3220 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു; പ്രതിയെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം

ഇരിങ്ങാലക്കുട : കാട്ടൂർ പൊഞ്ഞനത്ത് ഇരിങ്ങാലക്കുട സർക്കിൾ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 3220 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു . എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊഞ്ഞനം ക്ഷേത്രത്തിൻ്റെ അടുത്തുള്ള ശ്രീകാളീശ്വരി ഉന്നതിയിലെ വാടക വീട്ടിൽ നിന്നാണ് 92 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റിൻ്റെ വൻ ശേഖരം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് എക്സൈസ് സിഐ മഹേഷ്കുമാറിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇതേ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടുടമസ്ഥൻ്റെ കയ്യിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് താക്കോൽ കരസ്ഥമാക്കിയാണ് എക്സൈസ് സംഘം വീട്ടിൽ പ്രവേശിച്ചത്. ക്രിസ്മസ്, ന്യൂ ഇയർ വിപണി ലക്ഷ്യമാക്കി അനധികൃത വിദേശ മദ്യ നിർമ്മാണം ലക്ഷ്യമാക്കിയാണ് വൻതോതിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഒരു മാസം മുമ്പാണ് വീട് വാടകയ്ക്ക് എടുത്തിട്ടുള്ളത്. പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണം സംഘം പ്രതീക്ഷിക്കുന്നത്. ഉദ്യോഗസ്ഥരായ ഫാബിൻ പൗലോസ്, എൻ ബാബു, സന്തോഷ് ബാബു , അനീഷ് മുഹമ്മദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

Please follow and like us: