കെഎസ്ടിപിയുടെ റോഡ് നിർമ്മാണം; നടവരമ്പ് മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങി ; പ്രതിഷേധവുമായി നാട്ടുകാർ; ഒരു മുന്നറിയിപ്പുമില്ലാതെയാണ് നിർമ്മാണ പ്രവർത്തനങ്ങളെന്ന് വേളൂക്കര പഞ്ചായത്ത്
ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാത നവീകരണത്തിൻ്റെ ഭാഗമായി നടവരമ്പ് ചിറവളവിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് മേഖലയിലെ കുടിവെള്ള വിതരണം മുടങ്ങി . കലുങ്ക് നിർമ്മാണത്തിൻ്റെ ഭാഗമായി മങ്ങാടിക്കുന്നിൽ നിന്നുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പും വിച്ഛേദിച്ചതോടെ അഞ്ച് ദിവസങ്ങളായി വേളൂക്കര പഞ്ചായത്തിലെ 3, 4 18, 19 എന്നീ വാർഡുകളിലെ നടവരമ്പ്, കല്ലംകുന്ന് , കമ്പനിപ്പടി, വൈക്കര തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് പഞ്ചായത്ത് അംഗം എം വി അയ്യപ്പൻ പറഞ്ഞു . വിഷയം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്നും അടിയന്തരമായി പൈപ്പ് പുനഃസ്ഥാപിച്ചില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടയുമെന്നും നാട്ടുകാർ പറഞ്ഞു. കലുങ്കിൻ്റെ താഴ്ച കൂട്ടണമെന്ന് കർഷകർ ആവശ്യപ്പെട്ടതോടെ നിർമ്മാണ പ്രവ്യത്തി നീണ്ടതാണെന്നും രണ്ട് ദിവസത്തിനുള്ളിൽ പൈപ്പ് പുനസ്ഥാപിക്കുമെന്നും കെഎസ്ടിപി ക്ക് വേണ്ടി നിർമ്മാണ കരാർ എറ്റെടുത്തിട്ടുള്ള അക്കോൺ ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചും ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം വിളിച്ച യോഗവും അറിയിച്ചിരുന്നില്ലെന്ന് വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.















