തരിശ് രഹിത ബ്ലോക്ക് പഞ്ചായത്താകാൻ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്
ഇരിങ്ങാലക്കുട : തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്. 2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ജലാശയങ്ങളിലെ ചണ്ടിയും കുളവാഴയും നീക്കം ചെയ്യല്‍’ പദ്ധതിയുടെ ഒന്നാം ഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.
ഷണ്‍മുഖം കനാല്‍ മുതല്‍ ശ്രീകൃഷ്ണവിലാസം ബണ്ട് റോഡ് വരെയുള്ള ഏകദേശം 1.5 കിലോമീറ്റര്‍ നീളത്തിലുള്ള ഔണ്ടറ ചാലും അനുബന്ധ ചാലുകളുമാണ് ഒന്നാം ഘട്ടത്തില്‍ വൃത്തിയാക്കുന്നത്.
പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കനാലിന്റെ അരിപ്പാലം വരെയുള്ള ഭാഗങ്ങള്‍ രണ്ടാം ഘട്ടത്തില്‍ വൃത്തിയാക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. കെ.എസ്.എ.എം.എം സി.ഇ.ഒ. ഡോ. യു. ജയകുമാര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബു, വൈസ് പ്രസിഡണ്ട്, പടിയൂര്‍-പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കര്‍ഷക സംഘം പ്രതിനിധികള്‍ എന്നിവര്‍ സാഹചര്യം വിലയിരുത്തി ചര്‍ച്ച ചെയ്താണ് പദ്ധതിക്ക് രൂപം നല്‍കിയത്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.















