ചാത്തൻ മാസ്റ്റർ സ്മൃതി സഭ ഇരിങ്ങാലക്കുടയിൽ നവംബർ 19 ന്

ബിജെപി യുടെ നേതൃത്വത്തിൽ പി കെ ചാത്തൻ മാസ്റ്റർ സ്മൃതി സഭ ഇരിങ്ങാലക്കുടയിൽ നവംബർ 19 ന് ; ചാത്തൻ മാസ്റ്റർ എതെങ്കിലും പാർട്ടിയുടെ മാത്രം സ്വത്തല്ലെന്നും ചാത്തൻമാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കുമ്മനം രാജശേഖരൻ

ഇരിങ്ങാലക്കുട: സാമൂഹിക പരിഷ്കർത്താവ് പി.കെ. ചാത്തൻ മാസ്റ്ററുടെ ജീവചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിൽ നടന്ന പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതി സഭ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​നൂറുകണക്കിന് സാമൂഹിക പരിഷ്കർത്താക്കൾ ജീവിച്ച കേരളത്തിൽ, അവരുടെ ഓർമ്മകൾ നിലനിർത്താനോ ചരിത്രങ്ങൾ വരുംതലമുറയ്ക്ക് പകർന്നു നൽകാനോ കാര്യക്ഷമമായ ഒരു സംവിധാനവുമില്ലാത്തത് സംസ്ഥാനത്തിന് തന്നെ അപമാനകരമാണ്. ജാതി അയിത്തത്തിന് സമാനമായി രാഷ്ട്രീയ അയിത്തമാണ് സംസ്ഥാനത്ത് വളർന്നുവരുന്നത്. വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായി കാണുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയമാണിത്. ചാത്തൻ മാസ്റ്ററുടെ പേരിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികളെപ്പോലും രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് ചിലർ വിമർശിക്കുന്നത് ഈ ചിന്താഗതി കാരണമാണ്. പി.കെ. ചാത്തൻ മാസ്റ്റർ ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രം സ്വത്തല്ലെന്നും, നാടിന്റെയും ജനങ്ങളുടെയും പൊതുസ്വത്താണെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു. എസ് എൻ ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ മുൻ എം.എൽ.എ സി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും മുൻ എം.എൽ.എയുമായ കെ. അജിത്ത് , എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപൻ, രേണു സുരേഷ്, ലോചനൻ അമ്പാട്ട് , എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബി.ബബുൽ ദേവ്. ബി.സി. ബിനീഷ്, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.എസ് രാജേന്ദ്രൻ രക്ഷധികാരിയും സി സി മുകുന്ദൻ ചെയർമാനും കെ അജിത്ത് ജനറൽ കൺവീനർ ആയുള്ള 251അംഗ സംഘടക സമിതി രൂപീകരിച്ചു . നവംബർ 19 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Please follow and like us: