കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം; അനുകൂലവിധി നേടിയെടുത്ത് കിഴുത്താണി സ്വദേശിനി

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം; നിയമന വിലക്ക് റദ്ദാക്കി ഹൈക്കോടതി; ഉത്തരവ് കിഴുത്താണി സ്വദേശിനി നൽകിയ ഹർജിയിൽ

തൃശ്ശൂർ/ ഇരിങ്ങാലക്കുട : സ്ത്രീകൾക്ക് തൊഴിൽ തിരഞ്ഞെടുക്കാനുള്ള അവകാശം ഉയർത്തിപ്പിടിച്ച് നിർണായക വിധിയുമായി കേരള ഹൈക്കോടതി.

കള്ളുഷാപ്പുകളിലെ തസ്തികകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയിരുന്ന ചട്ടം കോടതി റദ്ദാക്കി.

കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം ചട്ടമാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. കിഴുത്താണി കിട്ടൻ വീട്ടിൽ പരേതനായ കുഞ്ഞിപ്പാലു ഭാര്യ സോഫി നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ.

കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് 2024-ൽ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കാനായി സോഫി അപേക്ഷ നൽകിയിരുന്നു.

എന്നാൽ, കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതോടെയാണ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സോഫി ഹൈക്കോടതിയെ സമീപിച്ചത്.

മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ മുഖേന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി വിലക്ക് റദ്ദാക്കിയത്.ലിംഗവിവേചനം മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഇല്ലാതാക്കുകയും സ്ത്രീകൾക്ക് അവർ തിരഞ്ഞെടുക്കുന്ന മേഖലകളിൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ അനുയോജ്യമായ സുരക്ഷിത സാഹചര്യം ഒരുക്കുകയുമാണ് സർക്കാർ ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിധിയിൽ സന്തോഷമുണ്ടെന്നും സ്ത്രീകളുടെ പോരാട്ടങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് വിധിയെ കാണുന്നതെന്നും സോഫി ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. തൻ്റെ പിതാവ് ലൂയിസും തുടർന്ന് അമ്മ അൽഫോൺസയും 29 വർഷത്തോളം ഷാപ്പിൽ ജോലി ചെയ്തിരുന്നു . ഒൻപത് വർഷത്തോളം ഭർത്താവും . നിയമപ്പോരാട്ടങ്ങൾക്ക് ഐഎൻടിയുസി യൂണിയൻ പിന്തുണ നൽകിയെന്നും സോഫി പറഞ്ഞു. സി എ വിദ്യാർഥിനി എക്സ , പ്ലസ് വൺ വിദ്യാർഥി ആൻ്റണി എന്നിവർ മക്കളാണ്.

Please follow and like us: