ഇരിങ്ങാലക്കുട പട്ടണത്തിൽ വിദ്യാർഥികൾക്കായുള്ള ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ ലംഘിച്ച്; ഇവയുടെ പ്രവർത്തനം സംബന്ധിച്ച് കണക്കുകൾ ഇല്ലെന്ന് സമ്മതിച്ച് അധികൃതർ
ഇരിങ്ങാലക്കുട : പട്ടണത്തിൽ വ്യാപകമായിട്ടുള്ള പേയിംഗ് ഗസ്റ്റ് ( PG) , ഹോസ്റ്റൽ, ഹോംസ്റ്റേ എന്നിവയിൽ അധികവും പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് സൂചന. ഇവ നടത്തുന്നതിനും രജിസ്ട്രേഷനും ലൈസൻസും വേണമെന്നാണ് നിയമങ്ങൾ വ്യക്തമാക്കുന്നത്. കെട്ടിടത്തിൻ്റെ ഉപയോഗം, കെട്ടിട നമ്പർ, ബാധകമായ പ്രാദേശിക ചട്ടങ്ങൾ എന്നിവ തദ്ദേശസ്ഥാപനങ്ങൾക്കും ഉടമയുടെയും അതിഥികളുടെയും വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോലീസിനും തേടാം. താമസക്കാരുടെ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കുന്നതും വിവരങ്ങൾ അറിയിക്കുന്നതും സംബന്ധിച്ചും നിബന്ധനകൾ ഉണ്ട്. താമസക്കാർക്ക് ഭക്ഷണം പാകം ചെയ്ത് നൽകുന്നുണ്ടെങ്കിൽ ഇതിനും ലൈസൻസ് ആവശ്യമുണ്ട്. കെട്ടിടത്തിൻ്റെ സുരക്ഷയും ( അഗ്നി സുരക്ഷ , ശുചിത്വം, മാലിന്യ സംസ്കരണം, കുടിവെള്ളം ) ഉറപ്പുവരുത്തണം. വിവിധ ജില്ലകളിൽ നിന്നായി ഒട്ടേറെ വിദ്യാർഥികളാണ് ഹോം സ്റ്റേകളിൽ അഭയം തേടുന്നത്. ഇവർക്കായി വീടുകൾ വാടകയ്ക്ക് എടുത്ത് വ്യാവസായിക അടിസ്ഥാനത്തിൽ നടത്തുന്നവരുമുണ്ട്. നിയമങ്ങൾ വ്യക്തമാണെന്ന് നഗരസഭ അധികൃതർ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ അധികൃതരുടെ പക്കൽ ഇല്ലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ക്രൈസ്റ്റ് കോളേജിന് അടുത്ത് ഹിൽവാലി റോഡിൽ ഒരു ഗൃഹനാഥന് കോളേജ് വിദ്യാർഥികളുടെ അക്രമണത്തിൽ പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾക്കായി ഹോസ്‌റ്റലുകളുടെയും ഹോം സ്‌റ്റേകളുടെയും പ്രവർത്തനം ചർച്ചാ വിഷയമായിരിക്കുന്നത്. ഇവയുടെ പ്രവർത്തനം നിയമപരമാക്കണമെന്ന ആവശ്യവുമായി ക്രൈസ്റ്റ് നഗർ റെസിഡൻ്റസ് അസോസിയേഷൻ രംഗത്ത് എത്തിക്കഴിഞ്ഞു. അസോസിയേഷൻ്റെ പരിധിയിൽ മാത്രം പതിമൂന്ന് ഹോസ്റ്റൽ അഥവാ ഹോംസ്റ്റേകളാണ് പ്രവർത്തിക്കുന്നത്. ഒരു വീട്ടിലും ഗൃഹനാഥൻമാർ ഇല്ലെന്നും ചില വീടുകളിൽ മുപ്പതിൽ അധികം വിദ്യാർഥികളെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഒരുക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെങ്കിലും പ്രവർത്തനങ്ങൾ നിയമപരമാക്കേണ്ടതുണ്ടെന്നും അധികൃതരുടെ നിസ്സംഗതയാണ് വിഷയങ്ങൾ വഷളാക്കിയതെന്നും കഴിഞ്ഞ വർഷം ഒരു വീട്ടിൽ എക്സൈസ് വകുപ്പ് റെയ്ഡ് നടത്തുന്ന സാഹചര്യം ഉണ്ടായെന്നും അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു















