വായ്പ ഫയലുകൾ തിരിച്ച് നൽകാൻ ഇഡി തയ്യാറാകുന്നില്ലെന്ന് വാർഷികയോഗത്തിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി; ” മുതലും പലിശയുമില്ല ” എന്ന പ്ലക്കാർഡുകളും വായ്മൂടിക്കെട്ടി പ്രതിഷേധവുമായി നിക്ഷേപകരും
ഇരിങ്ങാലക്കുട : നടപടികളുടെ പേരിൽ ഇഡി 2021 ൽ കൊണ്ട് പോയ ഫയലുകൾ തിരിച്ച് നൽകാത്തതും വായ്പകൾ തിരിച്ച് പിടിക്കാൻ സെയിൽ ഓഫീസർമാർ ഇല്ലാത്തതും തിരിച്ചടിയായെന്ന് വിശദീകരിച്ച് കരുവന്നൂർ ബാങ്ക് ഭരണസമിതി . ഇഡിയുടെ കൈവശമുള്ള വായ്പ ഫയലുകളിൽ 60 % പേരും തിരിച്ചടവിന് തയ്യാർ ആയി നിൽക്കുകയാണെന്നും ഇത് സംബന്ധിച്ച് ഇഡി ക്ക് വീണ്ടും കത്ത് നൽകിയിട്ടുണ്ടെന്നും വാർഷികയോഗത്തിൽ ഭരണ സമിതി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വായ്പകൾ തിരിച്ച് പിടിക്കാൻ നാല് സെയിൽ ഓഫീസർമാരാണ് പ്രവർത്തിച്ചിരുന്നത്. ഇന്ന് 15 സംഘങ്ങൾക്ക് ഒരു ഇൻസ്പെക്ടർ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്. പ്രതിസന്ധിക്കൾക്കിടയിലും 165 കോടി തിരിച്ച് പിടിക്കാനും 175 കോടി രൂപ നിക്ഷേപകർക്ക് നൽകാനും കഴിഞ്ഞതായും സംസ്ഥാനത്ത് 366 സംഘങ്ങളുടെ പ്രവർത്തനം നിലച്ചപ്പോൾ ഒരു ദിവസം പോലും കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തിക്കാതിരുന്നിട്ടില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഭരണ സമിതി പ്രസിഡണ്ട് ആർ എൽ ശ്രീലാൽ അറിയിച്ചു. മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന യോഗത്തിൽ അസി സെക്രട്ടറി ഇ എസ് ശ്രീകല, ഭരണ സമിതി അംഗങ്ങൾ ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് പി കെ വൽസൻ സ്വാഗതവും പി സി രഘു നന്ദിയും പറഞ്ഞു
അതേ സമയം ഹാളിന് മുന്നിൽ നിക്ഷേപങ്ങൾ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകരുടെ വായ്മൂടിക്കെട്ടിയുള്ള പ്രതിഷേധം അരങ്ങേറി. ” നിക്ഷേപങ്ങൾ തിരിച്ച് നൽകുക ” , ” മുതലും പലിശയും ഇല്ല ” , ” കരുവന്നൂർ ബാങ്ക് വിഷയത്തിൽ സർക്കാർ ഇടപെടുക ” തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലാക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം.















