ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ താത്കാലിക മതിൽ നിർമ്മിച്ചതിന് പിന്നിൽ ഒരു വിഭാഗം ജീവനക്കാർ; നീക്കം ബാങ്കിന് മുന്നിൽ നിക്ഷേപകർ നടത്തുന്ന സമരങ്ങൾ നിയന്ത്രിക്കാനെന്ന് സൂചന
ഇരിങ്ങാലക്കുട : ആർബിഐ യുടെ നിയന്ത്രണത്തിലുള്ള ടൗൺ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ താത്കാലിക മതിൽ നിർമ്മിച്ചതിന് പിന്നിൽ ഒരു വിഭാഗം ബാങ്ക് ജീവനക്കാർ. കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടന്ന റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ബാങ്കിൻ്റെ മതിൽ പൊളിച്ചു നീക്കിയത്. സാമ്പത്തിക അച്ചടക്കം പാലിക്കാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം ബാങ്ക് ആർബിഐ യുടെ നിയന്ത്രണത്തിൽ ആവുകയും സാമ്പത്തിക ഇടപാടുകൾക്കും നിയന്ത്രണം വന്നതോടെ ബാങ്കും പരിസരങ്ങളും നിശ്ചലമായ അവസ്ഥയിലായിരുന്നു. എന്നാൽ പണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ ശക്തമായ പ്രതിഷേധങ്ങളുമായി ബാങ്ക് അങ്കണത്തിൽ എത്തി തുടങ്ങിയതോടെ എത്തിയതോടെ പ്രതിരോധത്തിലായ ഒരു വിഭാഗം ജീവനക്കാരാണ് താത്കാലിക മതിലും ഗേറ്റും നിർമ്മിക്കാൻ മുൻകൈ എടുത്തത്. നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കാൻ നിർവാഹമില്ലെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും മാനേജ്മെൻ്റും വ്യക്തമാക്കിയതോടെ പണം പിരിച്ചെടുത്ത് ഒരു വിഭാഗം ജീവനക്കാർ തന്നെ നിർമ്മാണത്തിനായി ഇറങ്ങുകയായിരുന്നു. ഷീറ്റ് കൊണ്ടുള്ള താത്കാലിക മതിലാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത് . ഗേറ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പുറക് വശത്ത് കൂടി പ്രവേശിക്കേണ്ടതാണെന്ന നോട്ടീസും പതിച്ചിട്ടുണ്ട്. തിരുവോണനാളിൽ ബാങ്കിന് മുന്നിൽ നിക്ഷേപകർ പട്ടിണി സമരം പ്രഖ്യാപിച്ചിരുന്നു. ഇത് തടയാനാണ് ജീവനക്കാരിൽ ഒരു വിഭാഗം അടിയന്തരമായി ഉണർന്ന് പ്രവർത്തിച്ചതെന്നാണ് സൂചന.















