ഇരിങ്ങാലക്കുടയിൽ നിന്നും രണ്ട് പ്രിയദർശിനി ബസ് സർവീസ് കൂടി ആരംഭിക്കുന്നു
ഇരിങ്ങാലക്കുട: കെ എസ് ആർ ടി സിയുടെ രണ്ട് പ്രിയദർശിനി ബസ് സർവീസ് കൂടി ഇരിങ്ങാലക്കുടയിൽ നിന്നും ഉടനെ ആരംഭിക്കുമെന്ന് അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ അറിയിച്ചു. ജീവനക്കാരുടെ കുറവ് നികത്തുന്നതിന് അഞ്ച് പേരെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടെ നിർത്തിവച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കും. രാമേശ്വരം, വേളാങ്കണ്ണി ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. കഴിഞ്ഞ യു ഡി എഫ് സർക്കാർ പ്രഖ്യാപിച്ച സബ് ഡിപ്പോ പദവി നിലനിർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കെ എസ് ആർ ടി സി വികസന സമിതി യോഗത്തിൽ അദ്ദേഹം അറിയിച്ചു.
ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.ജെ.സുനിൽ,എം പിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.എ.റിയാസുദ്ദീൻ, പി.ബി.മനോജ്‌കുമാർ, കെ.കെ.ശിവൻകുട്ടി, റിമ പ്രകാശ്, കെ എസ് ആർ ടി സി സംരക്ഷണസമിതി ജനറൽ കൺവീനർ സേതുമാധവൻ പറയംവളപ്പിൽ, കൗൺസിലർമാരായ പ്രവീൺസ് ഞാറ്റുവെട്ടി, ബിന്ദു വിനയൻ, സ്മിത കൃഷ്ണകുമാർ, നളിൻ ബാബു, തോമസ് എന്നിവർ പ്രസംഗിച്ചു.















