‘അരങ്ങ് 2026’ ആഗസ്റ്റ് 8,9 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട: ദുബായിലും, കേരളത്തിലും ദീർഘകാലമായി പ്രവർത്തിക്കുന്ന തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ് 2026’ ആഗസ്റ്റ് 8,9 തീയതികളിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തിൽ ക്രൈസ്റ്റ്കോളേജ് ഐകെഎസ് സെല്ലിൻ്റേയും, ഭാരതീയ വിദ്യാഭവൻ്റേയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 8ന് രാവിലെ 9.30ന് സമാരംഭസദസ്സിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി എ നായർ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവറന്റ് ഡോക്ടർ പ്രൊഫസർ ജോളി ആൻഡ്രൂസ് സിഎംഐ [CMI], ഭാരതീയ വിദ്യാഭവൻ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന്, 10.30ന് ഡോക്ടർ അപർണ്ണ നങ്ങ്യാരും സംഘവും അവതരിപ്പിക്കുന്ന സന്താനഗോപാലം ‘ദശമം കൂത്ത് (ചുടലക്കൂത്ത്)’ അരങ്ങേറും.
ഉച്ചതിരിഞ്ഞ് 12.30ന് നാലുനോക്ക് പുറപ്പാടും, ഇരട്ടമേളപ്പദവും, ‘കാലകേയവധം’ കഥകളിയും
അരങ്ങേറും.
ആഗസ്റ്റ് 9 ന് രാവിലെ 9.30ന് ഇന്ത്യൻ അംബാസിഡറും (റിട്ടയേർഡ്),
ദുബായിലെ മുൻ ഇന്ത്യൻ കോൺസുൽ ജനറലും, ഫ്യൂച്ചർ കേരള മിഷൻ ചെയർമാനുമായ വേണു രാജാമണി ദീപം തെളിയിക്കുന്നത്തോടെ ആരംഭിക്കും. കഥകളി വേഷകലാകാരനായ കലാനിലയം ഗോപാലകൃഷ്ണൻ, അണിയറ കലാകാരനായ ചേർത്തല പ്രശാന്ത്കുമാർ എന്നിവർക്ക് ഗുരുദക്ഷിണ സമർപ്പണവും തുടർന്ന് നടക്കും. 10.30ന് കലാമണ്ഡലം സംഗീത പ്രസാദ് അവതരിപ്പിക്കുന്ന
മോഹിനിയാട്ടക്കച്ചേരി, ശേഷം ഉച്ചയ്ക്ക് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ‘ഭഗവദജ്ജുകം’ കൂടിയാട്ടം, വൈകീട്ട്
‘നിഴൽക്കുത്ത്’ കഥകളി എന്നിവയും ഉണ്ടായിരിക്കും.തിരനോട്ടത്തിനുവേണ്ടിപി എസ് രാമസ്വാമി, ശശികുമാർ തോട്ടുപുറം ,കഥകളി ക്ലബ്ബ് പ്രസിഡണ്ട്
രമേശൻ നമ്പീശൻ ക്രൈസ്റ്റ് കോളേജ് അധ്യാപിക ഡോക്ടർ വിനീത ജയകൃഷ്ണൻ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി എ നായർ,എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി നന്ദകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















