കനത്ത മഴ; മുകുന്ദപുരം താലൂക്കിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു; കാറളം നന്തിയിലും കാട്ടൂർ ചെമ്പൻ ചാലിലും ഇരിങ്ങാലക്കുട ആസാദ് റോഡിലും വീടുകൾ വെള്ളക്കെട്ടിൽ; പടിയൂരിൽ തെങ്ങ് വീണ് വീടിന് ഭാഗിക നഷ്ടം; കാറളത്ത് വാർഡ് 6 ൽ കിണർ ഇടിഞ്ഞു.
ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ വീടുകൾ വെള്ളക്കെട്ടിൽ ആയതോടെ മുകുന്ദപുരം താലൂക്കിൽ കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. ഇരിങ്ങാലക്കുട വില്ലേജിൽ ജവഹർ നഗറിലെ പകൽ വീട്ടിൽ ആരംഭിച്ച ക്യാമ്പിൽ അഞ്ച് പേരും തൊട്ടിപ്പാളിൽ കെഎസ് യു പി സ്‌കൂളിലെ ക്യാമ്പിൽ മൂന്ന് പേരും നെല്ലായി വില്ലേജിൽ ജെയുപി സ്കൂളിലെ ക്യാമ്പിൽ 36 പേരുമാണ് കഴിയുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാറളത്ത് വാർഡ് ഒന്ന് നന്തിയിൽ പത്തോളം വീടുകളും കാട്ടൂരിൽ വാർഡ് 14 ൽ നെടുമ്പുരയിൽ എട്ടോളാം വീടുകളും വെള്ളക്കെട്ടിലാണ്. വെള്ളം കയറിയ പ്രദേശങ്ങൾ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ , പഞ്ചായത്ത് , വില്ലേജ് അധികൃതർ എന്നിവർ സന്ദർശിച്ചു .പടിയൂർ പഞ്ചായത്തിൽ വൈക്കം അമ്പലത്തിൻ്റെ അടുത്ത് തെങ്ങ് വീണ് കലവറപറമ്പിൽ ജോസഫ് സീമോൻ്റെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറളം പഞ്ചായത്തിൽ വാർഡ് 6 ൽ മറൂക്കാരൻ ജയപ്രകാശിൻ്റെ കിണറിൻ്റെ ഒരു റിംഗ് കഴിഞ്ഞ ദിവസം രാത്രിയിൽ ഇടിഞ്ഞിട്ടുണ്ട്.
കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇല്ലിക്കൽ റെഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്















