തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം തൃശ്ശൂർ ജില്ലാ ഘടകത്തിൽ രൂപപ്പെട്ട അഭിപ്രായഭിന്നതകൾ രൂക്ഷമാകുന്നു; സെപ്റ്റംബർ 18 ന് ഒരേ സമയത്ത് യോഗങ്ങൾ വിളിച്ച് ഇരു വിഭാഗങ്ങളും
ഇരിങ്ങാലക്കുട : തദ്ദേശ , നിയമസഭ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം തൃശ്ശൂർ ജില്ലാ ഘടകത്തിൽ രൂപപ്പെട്ട അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നു. മികച്ച ഭൂരിപക്ഷത്തോടെ നാലാമതും നിയമസഭയിലേക്ക് എത്തിയ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ കൂടിയായ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യ്ക്ക് കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ സൗഹൃദ കൂട്ടായ്മയുടെ പേരിൽ സെപ്റ്റംബർ 18 ന് തൃശ്ശൂരിൽ നൽകുന്ന സ്വീകരണത്തിൻ്റെ അന്നേ ദിവസം ഇരിങ്ങാലക്കുടയിൽ ജോസഫ് വിഭാഗത്തിൻ്റെ പേരിൽ നിയോജകമണ്ഡലനേതൃത്വ സമ്മേളനം വിളിച്ചതാണ് രാഷ്ടീയവൃത്തങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ മൂന്ന് മണിക്ക് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തല , ജില്ലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ, ആത്മീയ നേതൃത്വം എന്നിവർ പങ്കെടുക്കുമെന്നാണ് സൂചന. അർഹത ഉണ്ടായിട്ടും ലഭിക്കാതെ പോയ മന്ത്രി സ്ഥാനത്തിൻ്റെ പേരിൽ ജോസഫ് വിഭാഗം നേതൃത്വവുമായി അകന്ന് നിൽക്കുന്ന തോമസ് ഉണ്ണിയാടൻ എംഎൽഎയ്ക്ക് നൽകുന്ന സ്വീകരണം ഉന്നത കോൺഗ്രസ് നേതൃത്വത്തിൻ്റെ അനുഗ്രഹാശിസ്സുകളോടെയാണെന്നും വരാനിരിക്കുന്ന രാഷ്ട്രീയമാറ്റങ്ങളുടെ മുന്നോടിയാണെന്നും ചർച്ചകൾ ഉയർന്ന് ക്കഴിഞ്ഞു. എന്നാൽ തോമസ് ഉണ്ണിയാടൻ പാർട്ടിയുടെ ജില്ലാ/ സംസ്ഥാന ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്നും ഇരിങ്ങാലക്കുടയിൽ അന്നേ ദിവസം നേതൃത്വ സമ്മേളനം വിളിച്ചിട്ടുള്ളത് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസിൻ്റെ നിർദ്ദേശപ്രകാരമാണെന്നും സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ കെ പോളി ഉൾപ്പെടെയുളളവർ യോഗത്തിൽ പങ്കെടുക്കുമെന്നും ഉണ്ണിയാടനുമായി ഇടഞ്ഞ് നിൽക്കുന്നവർ പറയുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയിൽ ജോസഫ് വിഭാഗം സ്ഥാനാർഥിയായി ജയിക്കുകയും വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുകയും ചെയ്ത ഫെനി എബിൻ വെള്ളാനിക്കാരൻ്റെ ഭർത്താവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗവുമായ എബിൻ വെള്ളാനിക്കാരൻ്റെ സൗത്ത് ബസാറിലുള്ള വെള്ളാനിക്കാരൻ കോപ്ലക്സ് കെട്ടിത്തിലാണ് ഇവർ യോഗം വിളിച്ചിരിക്കുന്നത്. ഇരുവിഭാഗവും പരമാവധി പ്രവർത്തകരെ അണി നിരത്താനുള്ള ഒരുക്കങ്ങളാണിപ്പോൾ.















