തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കൽ; ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് പ്ലാൻ ഫണ്ടിൽ നഷ്ടമായത് 34, 41, 000 രൂപ; ധനകാര്യ കമ്മീഷൻ ഗ്രാൻ്റിലും 39, 44,000 രൂപയുടെ കുറവെന്ന് ബ്ലോക്ക് പഞ്ചായത്ത്
ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ 2026-27 സാമ്പത്തിക വർഷത്തിലെ പുതുക്കിയ ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംഖ്യയിൽ ഗണ്യമായ കുറവ് വരുത്തിയതോടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് നഷ്ടമായത് 34 , 41, 000 രൂപ. പ്ലാൻ ഫണ്ടിൽ ബജറ്റനുസരിച്ച് 11,03,000 രൂപയും പട്ടികജാതി ഘടക പദ്ധതിയിൽ 23,38,000 രൂപയുമാണ് കുറഞ്ഞത്.
ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ കഴിഞ്ഞ സാമ്പത്തിക വർഷം 64,32,000 രൂപ ലഭിച്ചപ്പോൾ ഈ വർഷം അത് 24,88,000 രൂപയായി ചുരുങ്ങി. ഇത്തരത്തിൽ ധനകാര്യ കമ്മീഷൻ ഗ്രാന്റ് ആകെ 39,44,000 രൂപയുടെ നഷ്ടമാണ് ബ്ലോക്ക് പഞ്ചായത്തിന് ഉണ്ടായത്.ധനകാര്യ കമ്മീഷൻ ഗ്രാൻ്റും പദ്ധതി വിഹിതവും ഉൾപ്പെടെ വെട്ടിക്കുറച്ച 73,85,000 രൂപ നൽകണമെന്നും പ്ലാൻ ഫണ്ടിന്റെ ആദ്യഗഡു എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഡി നെൽസൺ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് നിമിഷ ശ്രീനിവാസൻ പിൻതാങ്ങി . പുതിയ പദ്ധതികൾ എറ്റെടുക്കാനും പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തീകരിക്കാനും കഴിയാത്ത സാഹചര്യമാണെന്ന് യോഗം വിലയിരുത്തി.















