സുഭിക്ഷയുടെയും ജനകീയ ഹോട്ടലിൻ്റെയും പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ; ഇല്ലാതായത് ഇരിങ്ങാലക്കുട പട്ടണത്തിൽ കുറഞ്ഞ നിരക്കിൽ ഉച്ചയൂണ് ലഭിച്ചിരുന്ന കേന്ദ്രങ്ങൾ
ഇരിങ്ങാലക്കുട : ” സുഭിക്ഷ ഹോട്ടലിന് ” വിനയായത് ഹോട്ടലിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മുകുന്ദപുരം ഓട്ടോ സഹകരണ സംഘത്തിൻ്റെ കോടികളുടെ ബാധ്യതകൾ. ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീയുടെ ” ജനകീയ ഹോട്ടലിന് ” വിനയായത് യുദ്ധവും വിലക്കയറ്റവും സർക്കാർ സബ്സിഡികളുടെ അഭാവവും . രണ്ടിനും പൂട്ട് വീണതോടെ പട്ടണത്തിൽ ഓർമ്മയായത് സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം ഉറപ്പാക്കിയിരുന്ന സംവിധാനങ്ങൾ കൂടിയാണ്. 2022 മാർച്ച് 11 നാണ് മുകുന്ദപുരം താലൂക്ക് ഓട്ടോ സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ പൊതു വിതരണ ഉപഭോക്ത്യ കാര്യവകുപ്പിൻ്റെ സഹകരണത്തോടെ തെക്കേ അങ്ങാടിയിൽ സംഘത്തിൻ്റെ സ്വന്തം കെട്ടിടത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്ത സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 20 രൂപയ്ക്കും തുടർന്ന് 30 രൂപയ്ക്കും ഊണ് ലഭ്യമാക്കിയപ്പോൾ പട്ടണത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ സുഭിക്ഷയിലേക്ക് ഒഴുകിയെത്തി. എന്നാൽ സിപിഎം നേതൃത്വം നൽകിയിരുന്ന വർഷങ്ങളുടെ ചരിത്രമുള്ള സംഘത്തിൻ്റെ ഒന്നരക്കോടിയോളം രൂപയുടെ ബാധ്യതകൾ തീർക്കാൻ കെട്ടിടം വില്ക്കേണ്ടി വന്നതോടെ സുഭിക്ഷ ഹോട്ടലിൻ്റെ പ്രവർത്തനവും മാസങ്ങൾക്ക് മുമ്പ് നിലച്ചു. എകെപി ജംഗ്ഷന് അടുത്തായി വീണ്ടും ഹോട്ടലിൻ്റെ പ്രവർത്തനം ആരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘം ഭാരവാഹികൾ ഇപ്പോൾ .
ഈവനിംഗ് മാർക്കറ്റിൻ്റെ അടുത്ത് മൂന്ന് വർഷത്തോളം പ്രവർത്തിക്കുകയും മുപ്പത് രൂപയ്ക്ക് തന്നെ ഊണ് ലഭ്യമാക്കുകയും ചെയ്ത ജനകീയ ഹോട്ടലിന് സർക്കാർ സബ്സിഡികൾ നിറുത്തലാക്കിയതും യുദ്ധത്തെ തുടർന്നുള്ള വിലക്കയറ്റവും വെല്ലുവിളികളായപ്പോൾ ഷട്ടർ ഇടേണ്ടി വരികയായിരുന്നു. രണ്ട് സംവിധാനങ്ങളും ഇല്ലാതായതോടെ സാധാരണക്കാരൻ്റെ ഭക്ഷണയിടങ്ങളാണ് പട്ടണത്തിന് നഷ്ടമായിരിക്കുന്നത്.















