” രക്ഷാപ്രവർത്തന ” ഭീഷണി വക വയ്ക്കാതെ നഗരസഭ ചെയർമാനെയും കാത്ത് ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകർ

” രക്ഷാപ്രവർത്തന ” ഭീഷണി വക വയ്ക്കാതെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാനെയും കാത്ത് വീണ്ടും ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകർ ; നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ പോരാടാനും പുതിയ സംഘടനയ്ക്ക് രൂപം നൽകി നിക്ഷേപകർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ഡെപ്പോസിറ്റേഴ്സ് വെൽഫെയർ അസോസിയേഷന് രൂപം നൽകി നിക്ഷേപകകൂട്ടായ്മ. സംഘടന രജിസ്റ്റർ ചെയ്യാനും നിക്ഷേപങ്ങൾ തിരിച്ച് പിടിക്കാൻ വിവിധ എജൻസികളെയും ആർബിഐ യെയും സമീപിക്കാനും ബാങ്ക് പുനരുദ്ധരിക്കാൻ ഓഹരി മൂലധന നിക്ഷേപം സ്വീകരിക്കാനും ആർബിയെ ബന്ധപ്പെട്ട് ലിക്വഡേഷൻ നടപടികൾ മരവിപ്പിക്കാനും വിഷയത്തിൽ സമരം ശക്തിപ്പെടുത്താനും എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിലും നിക്ഷേപകരുടെ പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനും ഗായത്രി ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനമായി . പ്രിൻസ് മാത്യു (പ്രസിഡണ്ട്) , ബിപിൻ ജോണി ( വൈസ് പ്രസിഡണ്ട്) , ലിയോ ആൻ്റോ ( സെക്രട്ടറി) , മോഹൻദാസ് വേങ്ങാശ്ശേരി (ജോയിൻ്റ് സെക്രട്ടറി ) , ടി സി സഞ്ജീവൻ ( ട്രഷറർ ) എന്നിവരാണ് ഭാരവാഹികൾ

നേരത്തെ ക്രൈസ്റ്റ് കോളേജ് റോഡിൽ ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന നഗരസഭ ചെയർമാന് എതിരെ പ്രതിഷേധിക്കാൻ മഴയെയും അവഗണിച്ച് നിക്ഷേപകർ എത്തിയെങ്കിലും ചെയർമാൻ ചടങ്ങിന് എത്തിയില്ല. സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്ന ചെയർമാന് എതിരെ പ്രതിഷേധിക്കാൻ നിക്ഷേപകർ തുനിഞ്ഞാൽ പ്രതികരിക്കുമെന്നും രക്ഷാപ്രവർത്തനം നടത്തുമെന്നും കോൺഗ്രസ് താക്കീത് നൽകിയിരുന്നുവെങ്കിലും എതാനും കോൺഗ്രസ് പ്രവർത്തകർ മാത്രമാണ് സ്ഥലത്ത് എത്തിയത്.

Please follow and like us: