മുകുന്ദപുരം താലൂക്കിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടുള്ളത് മൂന്ന് വില്ലേജുകളിൽ മാത്രമെന്ന് റവന്യൂ അധികൃതർ

മുകുന്ദപുരം താലൂക്കിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടുള്ളത് മൂന്ന് വില്ലേജുകളിൽ മാത്രമെന്ന് റവന്യൂ അധികൃതർ; തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ നവീകരണ പ്രവർത്തനങ്ങൾ 2026 ഡിസംബറിൽ പൂർത്തികരിക്കുമെന്ന് കെഎസ്ടിപി അറിയിച്ചതായും അധികൃതർ

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടുള്ളത് ആകെയുള്ള 29 വില്ലേജുകളിൽ മൂന്നെണ്ണത്തിൽ മാത്രം. മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് റവന്യൂ അധികൃതർ ഇക്കാര്യം അറിയിച്ചത്. പറപ്പൂക്കര , ആനന്ദപുരം , തൊട്ടിപ്പാൾ വില്ലേജുകളിലാണ് ഡിജിറ്റൽ സർവ്വേ പൂർത്തീകരിച്ചിട്ടുള്ളതെന്നും കാറളം , കാട്ടൂർ, ആമ്പല്ലൂർ എന്നീ വില്ലേജുകളിൽ സർവ്വേ നടന്ന് കൊണ്ടിരിക്കുന്നുണ്ടെന്നും സർവ്വേ ജോലികളിൽ എർപ്പെട്ടുകൊണ്ടിരിക്കുന്ന താത്കാലിക ജീവനക്കാരെയും വാടകയ്ക്ക് എടുത്ത വണ്ടികളും ഒഴിവാക്കാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ നവീകരണ പ്രവർത്തനങ്ങൾ 2026 ഡിസംബർ ൽ പൂർത്തീകരിക്കുമെന്നും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ താലൂക്ക് യോഗത്തിൽ എത്താൻ കഴിയില്ലെന്നും കെഎസ്ടിപി അധികൃതർ അറിയിച്ചതായി തഹസിൽദാർ യോഗത്തിൽ അറിയിച്ചു.

കാറളത്ത് ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണ വിഷയത്തിൽ സ്ഥലം എറ്റെടുത്ത് നൽകൽ മാത്രമായിരുന്നു പഞ്ചായത്തിൻ്റെ ഉത്തരവാദിത്വമെന്ന് ചോദ്യത്തിന് മറുപടിയായി പഞ്ചായത്ത് പ്രതിനിധി അറിയിച്ചു. കാട്ടൂർ ബൈപ്പാസ് റോഡിൽ 190 മീറ്ററിൽ കാന നിർമ്മാണം പൂർത്തീകരിച്ചതായും ക്രൈസ്റ്റ് കോളേജ് റോഡിൽ പണികൾ നടന്ന് വരികയാണെന്നും ഉദ്യോഗസ്ഥ അറിയിച്ചു.

 

എയിംസ് തൃശ്ശൂർ ജില്ലയിൽ നേടിയെടുക്കാൻ ജനപ്രതിനിധികളുടെ കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് കേന്ദ്ര മന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.

യോഗത്തിൽ തൃശ്ശൂർ എം പിയുടെ പ്രതിനിധി ക്യപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ആൻ്റോ പെരുമ്പിള്ളി, കെ സി കാർത്തികേയൻ , എ ചന്ദ്രൻ , വി എം മനോജ്, മനോജ് കുമാർ , തഹസിൽദാർ ആൻ്റോ ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ എ വി സജിത എന്നിവർ സംസാരിച്ചു.

Please follow and like us: