ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന; ഠാണാവിലെ ജമുനാ ബേക്കറി താത്കാലികമായി അടച്ചിടാൻ നോട്ടീസ്; ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് അഞ്ച് സ്‌ഥാപനങ്ങൾക്കും നോട്ടീസ്
ഇരിങ്ങാലക്കുട : ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ വില്പന നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഠാണാവിലെ ജമുനാ ബേക്കറി താത്കാലികമായി അടച്ചിടാൻ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ ഉത്തരവ്. ഷിഗെല്ല, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ നിസ്സാറിൻ്റെ നേതൃത്യത്തിൽ ഹോട്ടൽ, കൂൾബാർ , കാൻ്റീൻ ഉൾപ്പെടെ 15 ഓളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് നടപടി. ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പി എച്ച്ഐ മാരായ രജിത , ഹസ്‌ന എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.















