കടുത്ത സുരക്ഷയിൽ നീറ്റ് പരീക്ഷ ; ഇരിങ്ങാലക്കുട മേഖലയിൽ മൂന്ന് സ്‌കൂളുകളിലായി പരീക്ഷ എഴുതിയത് 803 പേർ

കടുത്ത സുരക്ഷയിൽ നീറ്റ് പരീക്ഷ ; ഇരിങ്ങാലക്കുട മേഖലയിലെ മൂന്ന് സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളായി ലഭിച്ച 1104 കുട്ടികളിൽ പരീക്ഷ എഴുതിയത് 803 പേർ.

ഇരിങ്ങാലക്കുട : കടുത്ത സുരക്ഷയിൽ നീറ്റ് – യു ജി പരീക്ഷ . ചോദ്യക്കടലാസ് ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പരീക്ഷയാണ് വിപുലമായ ക്രമീകരണങ്ങളോടെ ഞായറാഴ്ച നടന്നത് . തൃശ്ശൂർ റൂറൽ പോലീസിൻ്റെ കീഴിൽ ഇരിങ്ങാലക്കുട ബോയ്‌സ്, നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂൾ , എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ ഒൻപത് കേന്ദ്രങ്ങളിലാണ് പരീക്ഷ ഉച്ചയ്ക്ക് നടന്നത്. ഒൻപത് കേന്ദ്രങ്ങളിലെയും കളക്ഷൻ സെൻ്ററായ ഇരിങ്ങാലക്കുട ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ രജിസ്റ്റർ ചെയ്ത 384 കുട്ടികളിൽ 286 പേരാണ് പരീക്ഷ എഴുതിയത് . എസ് എൻ സ്‌കൂളിൽ രജിസ്റ്റർ ചെയ്ത 360 കുട്ടികളിൽ 252 പേരും നടവരമ്പിൽ രജിസ്റ്റർ ചെയ്ത 360 കുട്ടികളിൽ 265 പേർ മാത്രമാണ് പരീക്ഷ എഴുതിയത്. മൂന്ന് കേന്ദ്രങ്ങളിലായി മാത്രം 301 കുട്ടികൾ പരീക്ഷ എഴുതിയിട്ടില്ല. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പരീക്ഷയ്ക്ക് എത്താതിരുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയിൽ അധികമാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നണ്ട്. എൻടിഎ യുടെ നിരീക്ഷകനും സ്ഥലത്ത് ഉണ്ടായിരുന്നു. സിറ്റി കോർഡിനേറ്ററും ബോയ്‌സ് സ്കൂൾ പ്രിൻസിപ്പലുമായ എം കെ മുരളിയുടെ നേതൃത്വത്തിൽ സിആർപിഎഫ് പോലീസ് സംഘം , റവന്യൂ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ , 16 ക്ലാസ്സ് മുറികളിലായി 32 അധ്യാപകർ തുടങ്ങിയവർ സ്‌കൂളിൽ ഉണ്ടായിരുന്നു . സ്‌കൂളിന് മുന്നിൽ ആശങ്കയോടെ കാത്ത് നിന്ന രക്ഷിതാക്കൾക്ക് മുന്നിലേക്ക് പരീക്ഷ കഴിഞ്ഞ് 5. 40 ഓടെയാണ് വിദ്യാർഥികൾ എത്തിയത് .

Please follow and like us: