തിരിച്ചടവുകൾ മന്ദഗതിയിലാണെന്ന് ടൗൺ ബാങ്ക് കമ്മിറ്റി ; സമരം തുടർന്ന് നിക്ഷേപകർ

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; തിരിച്ചടവുകൾ മന്ദഗതിയിലാണെന്നും ഓഹരി മൂലധനം വരേണ്ടതുണ്ടെന്നും പൊതുയോഗത്തിലും ആവർത്തിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; സമരം തുടർന്ന് നിക്ഷേപക കൂട്ടായ്മ

 

ഇരിങ്ങാലക്കുട : നിഷ്ക്രിയ ആസ്‌തികളുടെ വർധനവിനെ തുടർന്ന് ആർബിഐയുടെ നിയന്ത്രണത്തിൽ തുടരുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകാൻ കഴിയാതെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി . ബാങ്കിൻ്റെ 108- മത് വാർഷിക പൊതുയോഗത്തിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടികളിലാണ് വായ്പ തിരിച്ചടവുകൾ മന്ദഗതിയിലാണെന്നും ഓഹരി മൂലധനം അനിവാര്യമാണെന്നും റിയൽ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യവും ഗൾഫ് യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളും ബാങ്കിൻ്റെ തിരിച്ച് വരവിന് പ്രതികൂലമായി മാറിയതായും അറിയിച്ചത്. മറ്റ് ബാങ്കുകളുമായി ലയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും തീരുമാനങ്ങൾ ആയിട്ടില്ല. സൊസൈറ്റിയായി മാറ്റണമെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ അനുമതി വേണം. ബാങ്കിനെ ലിക്വിഡേറ്റ് ചെയ്യാൻ ശുപാർശ ചെയ്യില്ലെന്നും പുനരുജ്ജീവിപ്പിക്കാൻ തന്നെയാണ് ശ്രമിക്കുന്നതെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്മിനിസ്ട്രേറ്റർ സി ആർ ഗോപീകൃഷ്ണൻ വ്യക്തമാക്കി. ബ്രാഞ്ചുകൾ കുറയ്ക്കാൻ തീരുമാനമുണ്ടെന്നും ജീവനക്കാരെ പിരിച്ചുവിടാൻ കമ്മിറ്റിയ്ക്ക് അധികാരമില്ലെന്നും ഫൊറൻസിക് ഓഡിറ്റ് നടക്കുന്നുണ്ടെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

വിഷയത്തിൽ എംപി ഇടപെടുക, അഴിമതിക്കാരായ മാനേജർമാരെയും ജീവനക്കാരെയും പിരിച്ച് വിടുക, നിക്ഷേപകരിലെ രോഗികളെയും വയോധികരെയും സഹായിക്കുക, കമ്മീഷൻ ഇടപാടുകൾ നിർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലാക്കാർഡുകളുമായി നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരവും അരങ്ങേറി.

Please follow and like us: