ഡോഗ് ഷെൽട്ടർ സ്ഥാപിക്കുള്ള നീക്കത്തിനെതിരെ ധർണ്ണയുമായി വള്ളിക്കാഞ്ഞിരം നിവാസികൾ

വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള ഇരിങ്ങാലക്കുട നഗരസഭയുടെ നീക്കത്തിനെതിരെ നഗരസഭയ്ക്ക് മുന്നിൽ ധർണ്ണയുമായി പ്രദേശവാസികൾ; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും

ഇരിങ്ങാലക്കുട : ” ഓർമ്മ ഉള്ള കാലം മുതൽ എല്ലാ വർഷക്കാലത്തും വീട്ടിൽ വെള്ളമാണ്. കഴിഞ്ഞ കൊല്ലവും അരയ്ക്കൊപ്പം വീട്ടിൽ വെള്ളം കയറി . കിണർ മുങ്ങി . സ്വന്തം പൈസ ചിലവഴിച്ചാണ് വൃത്തിയാക്കിയത്. 2018 ൽ വെള്ളം കയറിയ ഘട്ടത്തിലും ഒരു പൈസയും കിട്ടിയില്ല. ഈ വെള്ളത്തിലേക്കാണോ പട്ടികളെയും കൊണ്ട് കൊണ്ട് വരാൻ പോകുന്നത്? ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാകില്ല ” പറയുന്നത് 82 വയസ്സ് പിന്നിട്ട മൂർക്കനാട് സ്വദേശി നീരോലി വീട്ടിൽ ജനകൻ. നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി പ്രദേശത്തിൻ്റെ എറ്റവും അടുത്താണ് ജനകൻ കുടുംബത്തോടൊപ്പം താമസിക്കുന്നത് . ജലം കൊണ്ട് മുറിവേറ്റ അമ്പത് വർഷത്തെ ഓർമ്മകൾ പ്രവാസത്തിലൂടെയും മെക്കാനിക്ക് ജോലിയിലൂടെയും ജീവിതം കെട്ടിപ്പടുത്ത ജനകൻ്റെ ഉള്ളിൽ തിളച്ച് മറയുന്നുണ്ട്. വെള്ളം കയറുന്ന വള്ളിക്കാഞ്ഞിരത്ത് നഗരസഭ ഭരണകൂടം നിർമ്മിക്കുന്ന ഡോഗ് ഷെൽട്ടറിന് എതിരെ പ്രദേശവാസികൾ നടത്തിയ ധർണ്ണയിലാണ് വയോധികൻ രോഷം കൊണ്ടത്. ചെറിയ ജോലികൾ എല്ലാം ഉപേക്ഷിച്ചാണ് പിറന്ന നാടിൻ്റെ മണ്ണും ജലവും മലിനമാകാതെ സംരക്ഷിക്കാൻ വാടകയ്ക്ക് വിളിച്ച സ്വകാര്യ ബസിൽ വള്ളിക്കാഞ്ഞിരവാസികൾ ഭരണകൂടത്തിൻ്റെ മുന്നിലേക്ക് എത്തിയത്. പ്രതിഷേധധർണ്ണ ജനകീയ കൂട്ടായ്മ പ്രസിഡണ്ട് അബ്‌ദുൾ കബീർ ഉദ്ഘാടനം ചെയ്തു . ബഷീർ മാളിയേക്കൽ, ഗോപാലകൃഷ്ണൻ, ഗിരീഷ്, എൽഡിഎഫ് കൗൺസിലർമാരായ പി വി ശിവകുമാർ, അൽഫോൺസ തോമസ്, വിഷ്ണു പ്രഭാകരൻ , സി സി ഷിബിൻ ,ലേഖ ഷാജി , മുൻ കൗൺസിലർ നസീമ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികളുടെ സമരത്തിന് ബിജെപിയും പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് പൊറത്തിശ്ശേരി എരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടനും ധർണ്ണയെ അഭിസംബോധന ചെയ്ത് അറിയിച്ചു.

Please follow and like us: