എൽഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നടന്ന അക്രമണങ്ങളിൽ പ്രതിഷേധം

തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽഡിഎഫ് നേതാവിൻ്റെയും പ്രവർത്തകൻ്റെയും വീടുകൾക്ക് നേരെ നടന്ന അക്രമണങ്ങളിലെ പ്രതികളെ പിടികൂടിയില്ല; പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകർ

ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ് മണ്ഡലം കമ്മിറ്റി . ഫലപ്രഖ്യാപന ദിവസം രാത്രി എൽ ഡി എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ ഉല്ലാസ് കളക്കാടിൻ്റെ വീട്ടിലേക്ക് സ്ഫോടക വസ്തു വലിച്ചെറിഞ്ഞിരുന്നു. കോൺഗ്രസിൻ്റെ പ്രാദേശിക നേതാവും മുൻ കൗൺസിലറുമായ വ്യക്തിയാണ് അക്രമം നടത്തിയതെന്നും സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നല്കിയിട്ടും പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി . അന്നേ ദിവസം പടിയൂരിൽ സിപിഎം അംഗം ഫിറോസിനെ ആഹ്ളാദ പ്രകടനമായിവന്ന സംഘം പടക്കം പൊട്ടിച്ച് വീട്ടിലേക്ക് ഇരച്ചുകയറി ഫിറോസിനെ മർദ്ദിച്ചു . കോൺഗ്രസ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും രണ്ട് സംഭവങ്ങളിലെയും പ്രതികളെ പിടികൂടാൻ പൊലിസ് തയ്യാറായിട്ടില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി . ഠാണാവിൽ നിന്ന് തുടങ്ങിയ പ്രകടനം ആൽത്തറക്കൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയ പ്രകാശ് അധ്യക്ഷനായി. കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ടി കെ വർഗീസ്, സിപിഎം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, പ്രൊഫ.കെ യു അരുണൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ ആർ വിജയ സ്വാഗതവും ആർ എൽ ശ്രീലാൽ നന്ദിയും പറഞ്ഞു.

Please follow and like us: