ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി, കല്ലേറ്റുംകര സ്വദേശികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ചേലക്കര, വെങ്ങാനെല്ലൂർ, വെങ്കിടേശ്വര നിലയം വീട്ടിൽ സൂര്യകൃഷ്ണ (21 വയസ്സ് ) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സൈബർ അന്വേഷണ സംഘം മണ്ണുത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു.
കടുപ്പശ്ശേരി സ്വദേശിയിൽ നിന്ന് 5.28 ലക്ഷം രൂപയും കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് 11.8 ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിയെടുത്ത കേസിലാണ് സൂര്യകൃഷ്ണയെ അറസ്റ്റ് ചെയ്തത്.
ഈ കേസ്സിലെ പ്രതിയായ സൂര്യകൃഷ്ണ 3.5% കമ്മീഷൻ വാങ്ങി നിരവധി അക്കൗണ്ട് ഉടമകളെ കൊണ്ട് ചെക്ക് വഴി പണം പിൻവലിച്ചും അക്കൗണ്ടുകളുടെ എടിഎമ്മിലൂടെ പണം പിൻവലിച്ച് കൂട്ടു പ്രതികൾക്ക് നേരിട്ട് നൽകുകയും ഈ അക്കൌണ്ടുകൾ എടുത്തു കൊടുക്കുന്നതിന് ലഭിക്കുന്ന കമ്മീഷനിൽ നിന്നും തവണകളായി തിരിച്ചു പിടിക്കാമെന്ന വ്യവസ്ഥയിൽ ഇയാൾക്ക് കൂട്ടുപ്രതികളിൽ നിന്ന് ഒരു ബെൻസ് കാറും ലഭിച്ചിരുന്നു.
തൃശ്ശൂർ റൂറൽ സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ അഷ്റഫ് എ, സി പി ഒ ശ്രീയേഷ്, എസ് സി പി ഒ അജിത്ത് . ഡ്രൈവർ സി പി ഒ അനന്ദുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.















