ഇരിങ്ങാലക്കുട നഗരസഭ; മുഴുവൻ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലും യുഡിഎഫ്

ഇരിങ്ങാലക്കുട നഗരസഭ; മുഴുവൻ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലും യുഡിഎഫ്

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളും മുഴുവനും ഭരണകക്ഷിയായ യുഡിഎഫിന് . അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഒരു നോമിനേഷൻ മാത്രം ലഭിച്ച സാഹചര്യത്തിൽ നോമിനേഷൻ നൽകിയവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി അഡ്വ വി സി വർഗ്ഗീസും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി മിനി ജോസ് ചാക്കോളയും ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി ടി എ പോളും മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി റോണി പോൾ മാവേലിയും വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവീൺസ് ഞാറ്റുവെട്ടിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഴുവൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പദവികളും ഭരണകക്ഷിക്ക് ലഭിക്കുന്നത്.

പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കുന്നതിൻ്റെ മുന്നോടിയായി വാർഡുകളിൽ അനിവാര്യമായ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ കൗൺസിലർമാർ മുൻകൈ എടുക്കണമെന്ന് തുടർന്ന് നടന്ന യോഗത്തിൽ ചെയർമാൻ നിർദേശിച്ചു. മഴക്കാലത്തിന് മുമ്പെ തോടുകൾ വൃത്തിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കേണ്ടതുണ്ടെന്നും ചെയർമാൻ സൂചിപ്പിച്ചു. തോടുകൾ വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന മണ്ണ് പരിസരങ്ങളിൽ നിന്നും നീക്കം ചെയ്യാൻ നടപടികൾ ഉണ്ടാകണമെന്ന് ഭരണകക്ഷി അംഗം കുര്യൻ ജോസഫും എൽഡിഎഫ് അംഗം പി വി ശിവകുമാറും ആവശ്യപ്പെട്ടു. വാർഡുകളിലെ പുല്ല് വെട്ടുമ്പോൾ പട്ടണത്തിന് കിട്ടുന്ന അതേ പ്രാധാന്യം പൊറത്തിശ്ശേരി മേഖലയ്ക്കും ലഭ്യമാക്കണമെന്ന് എൽഡിഎഫ് അംഗം സി സി ഷിബിനും ആവശ്യപ്പെട്ടു. വാർഡ് 21 ലെ തകർന്ന് കിടക്കുന്ന സോൾവെൻ്റ് വെസ്റ്റ് റോഡ് പൂർണ്ണമായും ടാർ ചെയ്യാനുള്ള നടപടികൾ വേണമെന്ന് വാർഡ് കൗൺസിലർ കെ എസ് പ്രസാദും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാമെന്ന് ചെയർമാൻ ഉറപ്പു നൽകി.സ്റ്റാറ്റ്യൂട്ടറിയായിട്ടുള്ള യോഗങ്ങൾ എല്ലാ മാസങ്ങളിലും രണ്ടാമത്തെ ചൊവ്വാഴ്ച ചേരാനും യോഗം തീരുമാനിച്ചു. മുൻ നഗരസഭ ചെയർമാനും ദീർഘകാലം കൗൺസിലറുമായിരുന്ന അഡ്വ എ പി ജോർജ്ജിൻ്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.

Please follow and like us: