1988 ൽ അട്ടിമറി വിജയം നേടിയതിൻ്റെ ഓർമ്മകളുമായി 37 വർഷങ്ങൾക്ക് ശേഷം മൽസരരംഗത്തേക്ക് യുഡിഎഫ് സ്ഥാനാർഥി

1988 ൽ അട്ടിമറി വിജയം നേടിയതിൻ്റെ ഓർമ്മകളുമായി 37 വർഷങ്ങൾക്ക് ശേഷം മൽസരരംഗത്തേക്ക് യുഡിഎഫ് സ്ഥാനാർഥി ; മൽസരം ഇരിങ്ങാലക്കുട നഗരസഭയുടെ മടത്തിക്കര വാർഡിൽ

 

ഇരിങ്ങാലക്കുട : വർഷം 1988 . 20 സീറ്റുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് ഒന്നാം വാർഡിൽ നിന്നും എൽഡിഎഫിലെ ജനതാദൾ സ്ഥാനാർഥിയായി മൽസരിക്കുന്നത് 14 വർഷത്തോളം ചെയർമാനും 30 വർഷക്കാലം കൗൺസിലറുമായിരുന്ന എം പി കൊച്ചുദേവസ്സി .യുഡിഎഫിൽ സ്ഥാനാർഥിയായി 26 വയസ്സുകാരനായ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് കൂടിയായിരുന്ന എം എസ് ദാസൻ. സ്വതന്ത്ര്യ സ്ഥാനാർഥിയായി ചുക്കിരിയാൻ അന്തോണിയും രംഗത്തുണ്ട്.രാഷ്ട്രീയ വ്യത്തങ്ങളെ ഞെട്ടിച്ച് കൊണ്ട് 168 വോട്ടിന് യുഡിഎഫിന് വിജയം. 20 അംഗ ഭരണസമിതിയിലേക്ക് യുഡിഎഫ് 10 സീറ്റിലും എൽഡിഎഫ് ഒൻപത് സീറ്റിലും വിജയിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർഥി ആയി മൽസരിച്ച കാർത്തികേയനും വിജയം കണ്ടെത്തിയവരുടെ പട്ടികയിൽ ഇടം പിടിച്ചു. എം പി ജാക്സൻ ചെയർമാനും ജോസ് കോമ്പാറ വൈസ് ചെയർമാനുമായി രണ്ട് വർഷം. തുടർന്ന് അഡ്വ ടി ജെ തോമസ് ചെയർമാനായപ്പോൾ അട്ടിമറി വിജയം നേടിയ എം എസ് ദാസൻ വൈസ് ചെയർമാൻ സ്ഥാനത്ത് എത്തി. ജീവിത പ്രാരാബ്ധങ്ങളെ തുടർന്ന് പ്രവാസ ജീവിതം തിരഞ്ഞെടുക്കേണ്ടി വന്ന എം എസ് ദാസൻ തിരിച്ച് എത്തുന്നത് 2009 ൽ . തുടർന്ന് പൊതുജീവിതത്തിൽ സജീവമാവുകയും ഇപ്പോൾ കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് സ്ഥാനം വഹിക്കുകയും ചെയ്യുന്ന എം എസ് ദാസൻ 37 വർഷങ്ങൾക്ക് ശേഷമാണ് സ്ഥാനാർഥിയുടെ വേഷം അണിയുന്നത്. ദീർഘകാലമായി യുഡിഎഫ് മേധാവിത്വമുള്ളതും 1988 ൽ മൽസരിക്കുകയും ചെയ്ത വാർഡ് 16 മടത്തിക്കര വാർഡിൽ നിന്ന് തന്നെയാണ് ഇത്തവണയും എം എസ് ദാസൻ ജനവിധി തേടുന്നത്. സിപിഎം നേതാവും റിട്ട കോളേജ് അധ്യാപകനുമായ ഡോ കെ പി ജോർജ്ജ്, സെബാസ്റ്റ്യൻ ചാലിശ്ശേരി എന്നിവരാണ് എൽഡിഎഫ്, എൻഡിഎ മുന്നണികളെ പ്രതിനിധീകരിച്ച് മൽസരരംഗത്തുള്ളത്.

Please follow and like us: