യാത്രക്കാരെ ദുരിതത്തിലാക്കി സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്

അധ്യയന വർഷം ആരംഭിച്ച് രണ്ടാം ദിനത്തിൽ തന്നെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കി തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

ഇരിങ്ങാലക്കുട : അധ്യയന വർഷം ആരംഭിച്ച് രണ്ടാം ദിനത്തിൽ തന്നെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കി തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. കഴിഞ്ഞ മാസം അവസാനം കെഎസ്ടിപി റോഡ് നിർമ്മാണത്തിനെ തുടർന്ന് റൂട്ടിൽ എർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ തെറ്റിച്ച് വന്ന കാർ യാത്രക്കാരും ലക്ഷ്മി ബസ്സിലെ ജീവനക്കാരുമായി കരുവന്നൂർ ചെറിയ പാലം പരിസരത്ത് ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. വിഷയത്തിൽ ഇടപെട്ട നാട്ടുകാർ ബസ്സ് ജീവനക്കാർക്ക് എതിരെയും ജീവനക്കാർ വിഷയത്തിൽ ഇടപെട്ട കരുവന്നൂർ സ്വദേശിക്ക് എതിരെയും ചേർപ്പ് പോലീസും പരാതി നൽകിയിരുന്നു. പരാതിയിൽ ലക്ഷ്മി ബസ്സിലെ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തതിൽ പ്രതിഷേധിച്ചാണ് മിന്നൽ സമരമെന്ന് ജീവനക്കാർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ മുതൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ ബസ്സുകൾ സർവീസ് നടത്തിയിട്ടില്ല. സമരത്തിൻ്റെ പശ്ചാത്തലത്തിൽ റൂട്ടിൽ രണ്ട് സർവീസുകൾ കൂടുതൽ നടത്തുന്നുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

Please follow and like us: