ഠാണാ ബസ് സ്റ്റാൻ്റ് റോഡിൽ തകർന്ന സ്ലാബ് ഇനിയും മാറ്റിയില്ല; പ്രതിഷേധവുമായി എൽഡിഎഫ്

ഠാണാ ബസ് സ്റ്റാൻ്റ് റോഡിൽ തകർന്ന സ്ലാബ് ഇനിയും മാറ്റിയില്ല; ഇരിങ്ങാലക്കുട നഗരസഭ അധികൃതരുടെ നിസ്സംഗതയിൽ റീത്ത് വച്ച് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം

ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രധാന വീഥിയായ ഠാണ ബസ് സ്റ്റാൻ്റ് റോഡിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മാറ്റാൻ തയ്യാറാകാത്ത നഗരസഭ ഭരണകൂടത്തിൻ്റെ നിലപാടിൽ റീത്ത് വച്ച് പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. റോഡിന് കുറുകെ നിർമ്മിച്ചിട്ടുള്ള കാനയ്ക്ക് മുകളിലായി ഇട്ടിട്ടുള്ള സ്ലാബുകൾ കാലപ്പഴക്കത്തെ തുടർന്ന് ദുർബലമായ അവസ്ഥയിലാണ് . ഈ മാസം തുടക്കത്തിൽ ഇതിൻ്റെ അടുത്തുള്ള സ്ലാബ് തകർന്നിരുന്നു. ക്രൈസ്റ്റ് കോളേജ് റോഡ്, ബൈപ്പാസ് റോഡ് എന്നിവടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റോഡിനെയാണ് ഗതാഗതത്തിനായി സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ എല്ലാവരും ആശ്രയിക്കുന്നത്. അപകടം ഒഴിവാക്കാൻ ടാർ വീപ്പ വച്ചിട്ടുണ്ട് . നഗരസഭ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് പ്രസാദ് അധ്യക്ഷത വഹിച്ചു . സി സി ഷിബിൻ സ്വാഗതവും വിഷ്ണു പ്രഭാകർ നന്ദിയും പറഞ്ഞു . അതേ സമയം മുഴുവൻ സ്ലാബുകൾ വാർത്ത് കഴിഞ്ഞിട്ടുണ്ടെന്നും ഉറച്ച് കഴിഞ്ഞാൽ ഇവ മാറ്റുമെന്നും നഗരസഭ അധികൃതർ അറിയിച്ചു .

Please follow and like us: